കൊല്ലങ്കോട്: കോവിലകംമൊക്കിനുസമീപം റോഡ് സൈഡിലുള്ള മുതലിയാർ കുളത്തിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി. യു ആകൃതിയിലുള്ള വളവുറോഡിൽ വാഹനങ്ങൾ വടക്കുഭാഗത്തേക്ക് തിരിച്ചാൽ കുളത്തിലേക്കു വീഴുന്നതിനുള്ള സാധ്യത ഏറെയാണ്.
രണ്ടുവർഷംമുന്പ് ഇവിടെ കാർ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അന്പതുവർഷംമുന്പ് ഈ സ്ഥലത്ത് കുളത്തിന് ഭാഗികമായി ബണ്ട് നിർമിച്ചിരുന്നെങ്കിലും അക്കാലത്ത് കുറച്ചു വാഹനങ്ങളെ ഇതുവഴി പോയിരുന്നുള്ളൂ.
പിന്നീട് റോഡുവികസനം നടത്തിയെങ്കിലും കുളത്തിനു സംരക്ഷണഭിത്തി മാത്രം നിർമിച്ചില്ല. റോഡുവക്കിൽ നിക്ഷേപിക്കുന്ന മാലിന്യം കുളത്തിലേക്കു വീണു കുളം മലിനമാകുന്നതിനാൽ കുളിക്കാനും വസ്ത്രശുചീകരണത്തിനും കഴിയാത്ത സ്ഥിതിയുമുണ്ട്.