ബത്തേരി: കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ മുത്തങ്ങയിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി വാഹനങ്ങളും യാത്രക്കാരും രാത്രി വനത്തിൽ കുരുങ്ങി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. 25 ഓളം വാഹനങ്ങളിലായി നാനൂറോളം യാത്രക്കാർ വനമേഖലയിൽ കുടുങ്ങിയിരുന്നു.
വനമേഖലയിൽ ശക്തമായ മഴ പെയ്തതോടെയാണ് മുത്തങ്ങയിൽ ദേശീയപാതയിൽ വെള്ളം കയറിയത്. ഇന്നലെ വൈകുന്നേരത്തോടെ ദേശീയപാതയിൽ വെള്ളം കയറിയിരുന്നുവെങ്കിലും വലിയ വാഹനങ്ങൾ കടന്നുപോയിരുന്നു.
രാത്രി വൈകി ദേശീയപാതയിൽ കൂടുതൽ വെള്ളം കയറിയതോടെയാണ് കർണാടകയിൽനിന്നു വന്നവരും കേരളത്തിൽനിന്നു കർണാടകയിലേക്കു പോകാൻ എത്തിയവരും വനത്തിൽ കുടുങ്ങിയത്.
ഈ മേഖലയിൽ രാത്രിയായാൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇതുമൂലം വനത്തിൽ കുടുങ്ങിയവർ പരിഭ്രാന്തരായിരുന്നു.
ഏകദേശം മൂന്നരമണിക്കൂറോളം പ്രയത്നിച്ച് പുലർച്ചെ രണ്ടുമണിയോടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.
വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്കു പുറമെ മുത്തങ്ങ പൊൻകുഴി ഭാഗത്തെ റിസോർട്ടുകളിൽ കുടുങ്ങിപ്പോയ സഞ്ചാരികളെയും മുത്തങ്ങയിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസി ഉൗരുകളിലെ കുടുംബങ്ങളെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.