എടക്കര: തങ്ങളെ വളർത്തിയ മുത്തപ്പൻകുന്ന് കാണുന്പോൾ കാണുന്പോൾ ചങ്ക് കടയാണ്, അങ്ങോട്ടു പോകാൻ തോന്നണില്ല. മല പൊട്ടിയതിനു ശേഷം രണ്ടു തവണ മാത്രമാണ് അവിടേക്ക് പോയത്. അതും നീറുന്ന മനസോടെ’. കവളപ്പാറ കോളനി മൂപ്പൻ വാളലത്ത് ചാത്തന്റെ വാക്കുകളാണിത്.
തന്റെ കുടുംബത്തിലെ പതിനാലു പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. അനിയൻ പാലന്റെ ഭാര്യ കല്ല്യാണി ഇവരുടെ മക്കളും കൊച്ചുമക്കളുമായി എട്ടു പേർ, സഹോദരി നീലി, സഹോദരീ ഭർത്താവ് ഇന്പിപാലൻ, ഇവരുടെ മകൻ സുബ്രഹ്മണ്യൻ, ഭാര്യ സുധ, സുധയുടെ സഹോദരി ചന്ദ്രിക, മകൾ സ്വാതി എന്നിവരാണ് ദുരന്തത്തിനു ഇരകളായത്.
പിതാവ് ചന്തനു കിട്ടിയ ഒന്നര ഏക്കർ ഭൂമിയിൽ ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയവയെല്ലാം അതിലുപരി ഉറ്റവുരും, ഉടയവരുമായ പതിനാലു പേരെയും ഒരു നിമിഷം കൊണ്ടു മുത്തപ്പൻകുന്ന് കവർന്നെടുത്തു. ദുരന്തം മുൻകൂട്ടി കണ്ടു ഓഗസ്റ്റ് എട്ടിനു രാത്രി ഭാര്യ മാതിയുമൊത്തു കോളനി വിട്ടതിനാൽ ഇവർ രക്ഷപെട്ടു. പ്രായമേറിവരികയാണ്. വൃദ്ധരായ തങ്ങൾക്കു ജോലിക്കൊന്നും പോകാൻ കഴിയില്ലെന്നും ചാത്തൻ പറയുന്നു. സുരക്ഷിത ഇടം കണ്ടെത്തി കോളനിക്കാരായ എല്ലവരെയും ഒരിടത്ത് തന്നെ പാർപ്പിക്കണമെന്നും ചാത്തൻ ആവശ്യപ്പെടുന്നു.