നെടുങ്കണ്ടം: പ്രായമായവരെ ആദരിക്കണമെന്ന സന്ദേശം കുട്ടികൾക്കു നൽകുന്നതിനായി ചോറ്റുപാറ ആർപിഎം എൽപി സ്കൂളിൽ നടന്ന മുത്തശിക്കൊരു മുത്തംപരിപാടി വ്യത്യസ്തമായി. മാതാപിതാക്കളെ വൃസദനങ്ങളിലേക്ക് തള്ളിവിടുന്ന കാലഘട്ടത്തിൽ ഇവർക്കു സ്നേഹവും പരിചരണവും കരുതലും നൽകണമെന്നും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് മുത്തശിക്കൊരു മുത്തം സംഘടിപ്പിച്ചത്.
മേഖലയിലെ നൂറോളം മുത്തശിമാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരിൽ പ്രായം കൂടിയ അഞ്ചു പേർ ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുത്തശിമാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികളായ 80 കുരുന്നുകൾ മുത്തശിമാരുടെ പാദങ്ങൾ കഴുകുകയും മുത്തം നൽകുകയും ചെയ്തു. കുരുന്നുകളെ സ്കൂൾ മാനേജർ രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ ബിജു തകടിയേൽ, ഹെഡ്മിസ്ട്രസ് ദീപാമോൾ, പിടിഎ പ്രസിഡന്റ് രാധാകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, കാസിംകുട്ടി മീരാൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സുധീഷ്, കെ. അശ്വതി, വിദ്യാകുമാരി എന്നിവർ നേതൃത്വം നൽകി.