മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ ഓർമയായി. 87 വയസായിരുന്നു. ടീം ഇന്ത്യയുടെ കട്ടഫാനായിരുന്ന മുത്തശി ആരാധിക മരണത്തിലേക്ക് വിടവാങ്ങിയത് ജനുവരി 13-ന് വൈകുന്നേരമായിരുന്നു. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചാരുലതയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മളെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നു ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു.
2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകക്കപ്പിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച പെരിയ ആരാധികയെ ക്യാപ്റ്റൻ കോഹ്ലി ഗാലറിയിലെത്തി കണ്ടതോടെയാണ് ചാരുലത പ്രശസ്തയായത്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. കോഹ്ലിയും രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചു. കൂടാതെ പിന്നീടുള്ള മത്സരങ്ങൾ കാണുവാൻ കോഹ്ലി ചാരുലത പട്ടേലിന് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. പേരക്കുട്ടി അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ മത്സരം കാണാനെത്തിയത്.
ഗുജറാത്തില്‍ വേരുകളുള്ള ചാരുലത ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. 1974-ല്‍ ഇംഗ്ലണ്ടിലെത്തി. കപിലിന്റെ നായകത്വത്തിൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് കിരീടം ഉയർത്തുമ്പോൾ അതിന് സാക്ഷിയായി ചാരുലതയും ഗാലറിയിൽ ഉണ്ടായിരുന്നു. ക്രിക്കറ്റിന്റെ കടുത്ത ആരാധികയായ ചാരുലത ഓപ്പണ്‍ ഹാര്‍ട്ട് ബൈപ്പാസ് സര്‍ജറിക്കു ശേഷവും ആരവങ്ങളുമായി ഗാലറിയിൽ എത്തിയിരുന്നു.