118-ാം വയസിൽ ലോക റിക്കാർഡ് ബുക്കിൽ പേരെഴുതി കർതാർ കൗർ സംഗ. ഈ പ്രായംചെന്ന കാലത്ത് എന്ത് റിക്കാർഡാണ് മുത്തശ്ശി ഇടുന്നതെന്നാകും ഇപ്പോൾ ചിന്തിക്കുന്നത്. ലോകത്തില്‍ ഏറ്റവും പ്രായംചെന്ന ആള്‍ക്കുള്ള ശസ്ത്രക്രിയ റിക്കാര്‍ഡാണ് പഞ്ചാബ് സ്വദേശിയായ കർതാർ കൗർ സ്വന്തം പേരിൽ എഴുതുന്നത്.
ലുധിയാനയിലെ ആശുപത്രിയിൽ പേസ് മേക്കര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കർതാർ കൗർ വിധേയയായത്. വയസ് 118 കഴിഞ്ഞെങ്കിലും കാര്യമായ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും പ്രായം ഏറിയതിനാൽ ഓപ്പറേഷന് അത്ര എളുപ്പമാവില്ല എന്നാണ് ഡോക്ടർമാർ ചിന്തിച്ചത്. എന്നാൽ ഡോക്ടറുമാരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിക്കാൻ സാധിച്ചു.
കൗറിന്റെ സഹോദരൻ 1903ലാണ് ജനിച്ചത്. അവരുടെ മകൾക്ക് 90 വയസും പ്രായമുണ്ട്. 118 വയസിൽ ശസ്ത്രക്രിയ നടത്തുക വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. റിക്കാർഡ് ബുക്കിൽ പേരെഴുതാൻ പ്രായം തെളിയിക്കുന്ന രേഖകളുമായി ഗിന്നസ്, ലിംക ബുക്ക് അധികൃതരെ സമീപിച്ചതായും ഡോ രാവ്നിന്ദർ സിംഗ് പറഞ്ഞു.
ഇത്രയും പ്രായം ചെന്ന ഒരാള്‍ക്ക് ലോകത്ത് ആദ്യമായാണ് ശസ്ത്രക്രിയ നടക്കുന്നത്. രേഖകൾ അംഗീകരിക്കാൻ തയാറായാൽ ലോകറിക്കാർഡ് ബുക്കിൽ കൗറിന്റെ പേര് എഴുതി ചേർക്കും. കഴിഞ്ഞവർഷം 114-ാം വയസില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മലപ്പുറം വളാഞ്ചേരി സ്വദേശി കുഞ്ഞീദുമ്മ റിക്കാർഡ് ഇട്ടിരുന്നു. ഇതിനുമുമ്പ് യുഎസിലെ ന്യൂപോർട്ടിൽ 112-ാം വയസിൽ നടന്ന ശസ്ത്രക്രിയയായിരുന്നു റിക്കാർഡ്.