ഏറ്റവും കൂടുതൽ ആയുസുള്ള വ്യക്തി എന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി 1997ൽ, 122-ാം വയസിൽ മരണമടഞ്ഞ ഫ്രാൻസ് സ്വദേശിനി ജെയിൻ കാൾമറ്റ് പറഞ്ഞതെല്ലാം വ്യാജമായിരുന്നുവെന്ന് ആരോപണം. റഷ്യൻ ഗണിത ശാസ്ത്രഞ്ജനായ നിക്കോളെ സാക്കാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജയിൻ കാൾമറ്റ് എന്ന പേര് സ്വീകരിച്ചത് യുവോൻ കാൾമറ്റാണ്. അതായത് ശരിക്കുമുള്ള ജയിൻ കാൾമറ്റിന്റെ മകൾ. ഇവർ പാരമ്പര്യ സ്വത്തിന്റെ നികുതി വെട്ടിക്കുന്നതിനു വേണ്ടി ജയിൻ കാൾമറ്റ് എന്ന പേര് സ്വീകരിച്ച് ആൾമാറാട്ടം നടത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
1930കളിൽ ഇവർ അമ്മ ജെയിൻ കാൾമെറ്റിന്റെ രേഖകൾ ഉപയോഗിക്കുകയായിരുന്നുവെന്നും മരിക്കുമ്പോൾ ഇവർക്ക് 99 വയസായിരുന്നുവെന്നും നിക്കോള പറയുന്നു.
യുവോന് അമ്മയേക്കാളും ഉയരമുണ്ട്. പക്ഷെ നൂറാം വയസിലേക്ക് കടക്കുന്ന സമയം ഇവരുടെ ഉയരത്തിൽ വ്യത്യാസം വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. 1930കളിലെ ജെയിനിന്റെ പാസ്പോർട്ടിൽ കാണുന്ന കണ്ണുകളുടെ നിറവും നിലവിലുള്ള ജയിനിന്റെ കണ്ണുകളുടെ നിറവും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നും ഇദ്ദേഹം ആരോപിക്കുന്നു.
കൂടാതെ ഇവരുടെ നെറ്റിയിലെയും താടിയിലെയും വ്യത്യാസങ്ങളും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ചിത്രങ്ങളും കുടുംബത്തെ സംബന്ധിച്ച വിവരങ്ങളും ആഴ്സിലേക്ക് അയച്ചു നൽകുവാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ അതെല്ലാം നശിപ്പിച്ചുവെന്നും നിക്കോള പറയുന്നു.
നിരവധി അന്തർദേശിയ മാധ്യങ്ങളും ഇതിനെപ്പറ്റി വാർത്തകൾ നൽകുന്നുണ്ട്. മാത്രമല്ല പൊതുജനങ്ങളുടെ ഇടയിൽ ചെറിയൊരു ചലനം ഈ റിപ്പോർട്ടിനുണ്ടാക്കാനായിട്ടുണ്ട്.