എടക്കര(മലപ്പുറം): നിലന്പൂർ മൂത്തേടത്തെ കൊലവിളി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരേ പോലീസ് കേസെടുത്തു. മുസ്ലിം ലീഗിന്റെ പരാതിയിൽ എടക്കര പോലീസാണ് കേസെടുത്തത്.
പ്രതിഷേധ പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം തള്ളി. ഡിവൈഎഫ്ഐയുടെ ഉത്തരവാദപ്പെട്ട പ്രവർത്തകർ ഉണ്ടോ എന്നത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
പ്രദേശത്തെ ഒരു വാട്സ്ആപ്പ് കൂട്ടായ്മയിലെ ചർച്ചയിൽ ഡിവൈഎഫ്ഐ- യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ വാക്പോര് സംഘർഷത്തിൽ കലാശിച്ചിരുന്നു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുള്ള ഗ്രൂപ്പിൽ ഡിവൈഎഫ്ഐ, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ തമ്മിലാണ് വാക്പോര് ഉണ്ടായത്.
ഡിവൈഎഫ്ഐ നേതാവിന്റെ ഗ്രൂപ്പിലൂടെയുള്ള വെല്ലുവിളിയെത്തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇയാളെ മർദിച്ചുവെന്നാണ് പറയുന്നത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും നാലു പേർക്ക് വീതം പരിക്കേൽക്കുകയും ഇവർക്കെതിരേ എടക്കര പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പിറ്റേദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ മൂത്തേടം ടൗണിൽ നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യങ്ങൾ ഉയർത്തിയത്.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചപ്പോൾ അരിഞ്ഞുതള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. തുരുന്പെടുത്ത് പോയിട്ടില്ല ഓർത്തോ ഓർത്തു കളിച്ചോളൂ, അരിഞ്ഞ് തള്ളും കട്ടായം’ എന്ന് തുടങ്ങിയ വരികളാണ് മുദ്രാവാക്യത്തിൽ ഉയർന്നത്. ഇന്നലെ പുറത്തുവന്ന വീഡിയോ സോഷ്യൽമീഡിയകളിൽ വൈറലാവുകയും ചെയ്തു.
അതേസമയം, അരിയിൽ ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്നും അത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ച് മൂത്തേടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.സഫീറലി എടക്കര പോലീസിൽ പരാതി നൽകി.
ഈ പരാതിയിൽ ഡിവൈഎഫ്ഐ പ്രകടനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എടക്കര പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. എന്നാൽ, ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയെന്നത് ശരിയാണെന്നും അതിൽ കൊലവിളി മുദ്രാവാക്യം ഉയർത്തുന്ന ശബ്ദം കൃത്രിമമായി കയറ്റിയതാണെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
2012ൽ കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂർ കൊല ഓർമിപ്പിച്ചായിരുന്നു പ്രകടനത്തിലെ മുദ്രാവാദ്യം.
ഷുക്കൂറിനെ പട്ടാപ്പകൽ പാടത്തുനിർത്തി ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
അതേസമയം, ഇത്തരം മുദ്രാവാക്യങ്ങൾ ഡിവൈഎഫ്ഐയുടെ പൊതുനിലപാടിനു യോജിച്ചതല്ലെന്നും മുദ്രാവാക്യം വിളിച്ചവരിൽ ഉത്തരവാദപ്പെട്ട പ്രവർത്തകരുണ്ടോ എന്നു പരിശോധിച്ചു നടപടികൾ കൈക്കൊള്ളുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രടട്ടേറിയറ്റ് അറിയിച്ചു.