കോഴിക്കോട്: ആത്മഹത്യാ പ്രവണതയടക്കം കാണിക്കുന്ന കടുത്ത വിഷാദരോഗികൾക്ക് വേഗത്തിലുള്ള രോഗവിമുക്തിയുമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മോഡിഫൈഡ് ഇസിടി ചികിത്സതുടങ്ങി. മരുന്നുവഴിയുള്ള ചികിത്സ അസാധ്യമായവർക്കും സുഖപ്പെടാൻ കാലതാമസം നേരിടുന്നവർക്കും ഏറ്റവും ഫലപ്രദമായ ചികിത്സയാണ് മോഡിഫൈഡ് ഇലക്ട്രോ കണ്വൾസിവ് തെറപ്പി.
ശസ്ത്രക്രിയയിലെന്ന പോലെ അനസ്തേഷ്യ നൽകി മയക്കിയ രോഗിയുടെ മസ്തിഷ്കത്തിലേക്ക് കുറഞ്ഞ അളവിലുള്ള വൈദ്യുതി, വളരെ കുറഞ്ഞസമയത്തേക്ക് ’ബ്രീഫ് പൾസായി’ കടത്തിവിടുന്നതാണ് തെറപ്പി. അനസ്തീസിയയോടൊപ്പം പേശികൾ വലിഞ്ഞുമുറുകുന്നത് ഒഴിവാക്കാനുള്ള മരുന്നും നൽകുന്നതിനാൽ രോഗിക്ക് ശാരീരികമായ ഒരുബുദ്ധിമുട്ടുമുണ്ടാകില്ല.
വൈദ്യുതി കടത്തിവിടുന്പോഴും രോഗിക്ക് തികച്ചും ശാന്തമായി ഉറങ്ങാനാകും.ആത്മഹത്യാ പ്രവണതയുള്ള രോഗികളുടെ ജീവൻ രക്ഷിക്കാൻ തെറപ്പി ഏറ്റവും സഹായകരമാണെന്നു ഡോക്ടർമാർ പറഞ്ഞു. മരുന്നുകഴിക്കാൻ കൂട്ടാക്കാത്തവർക്കും ഫലപ്രദമാണ്. വിഷാദരോഗികൾക്ക് ഏഴ് – എട്ടു തവണ തെറപ്പിയോടൊപ്പം മരുന്നും നൽകിയാൽ പൂർണസൗഖ്യമുണ്ടാകും.
സൈക്കോസിസ് ബാധിച്ചയാൾക്ക് 12 തവണയാണ് ഇത് ആവശ്യമായിവരുന്നത്.മാനസിക രോഗത്തിന്റെ ഭാഗമായി ശരീരചലനം പോലും ബുദ്ധിമുട്ടിലാകുന്ന കാറ്റടോണിയ ബാധിച്ചവർക്കായി മൂന്ന്- നാലു തെറപ്പിയാണ് ചെയ്യുന്നത്.
മരുന്നുവഴിയുള്ള ചികിത്സ തുടരുന്നവർക്കായി ആറുമാസത്തിലൊരിക്കൽ മെയിന്റനൻസ് ഇസിടിയും ചെയ്യാറുണ്ട്.
വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ 0.4 സെക്കൻഡ് മുതൽ 3.6 സെക്കൻഡ് വരെയാണ് വൈദ്യുതി പ്രവഹിപ്പിക്കുന്നത്. ഇതിലൂടെ മസ്തിഷ്കത്തിലെ രാസവസ്തുക്കളായ ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവ് ക്രമീകരിച്ചാണ് രോഗശമനം.
സ്വകാര്യമേഖലയിൽ ഒരു തെറപ്പിക്ക് 1500 രൂപ മുതൽ ചെലവാകുന്പോഴാണു കുതിരവട്ടത്ത് തെറപ്പിയും മറ്റുപരിശോധനകളും പൂർണമായും സൗജന്യമായി ലഭിക്കുന്നത്.രണ്ടുവർഷത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് മോഡിഫൈഡ് ഇസിടി ആശുപത്രിയിൽ തുടങ്ങാൻ സാധിച്ചതെന്ന് സൂപ്രണ്ട് ഡോ. എൻ.രാജേന്ദ്രൻ അറിയിച്ചു.
മൊത്തം ആറുലക്ഷം രൂപചെലവഴിച്ചാണ് ഇസിടി മെഷീനും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിരിക്കുന്നത്. ഇതിൽ ഇസിടി മെഷീനും ബേസിക് അനസ്തേഷ്യ മെഷീനും സ്വകാര്യസ്ഥാപനം സംഭാവനചെയ്തു. ബീച്ച് ആശുപത്രിയിലെ അനസ്തെറ്റിസ്റ്റ് ഡോ. റോബി കുര്യാക്കോസാണ് അന്സ്തീസിയ നൽകാനെത്തുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നിലവിൽ തെറപ്പി നൽകിവരുന്നത്. കൂടുതൽ സൗകര്യങ്ങളും ജീവനക്കാരും ലഭ്യമായാൽ എല്ലാദിവസവും ഈ സേവനം നൽകാനാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നു.