കൊച്ചി: മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്സാണ്ടറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു കല്ലേറ്.
യൂണിയൻ സെക്രട്ടറി ഉൾപ്പെടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ ബുധനാഴ്ച മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ മുത്തൂറ്റിൽ പണിമുടക്ക് നടക്കുകയാണ്. ഇതിനിടെയാണ് കല്ലേറ്.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. കേരളത്തിൽ ഇപ്പോൾത്തന്നെ 800 ജീവനക്കാർ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മാനേജ്മെന്റ് നിലപാട് സ്വീകരിക്കുന്നു.
അതേസമയം, തിങ്കളാഴ്ച എറണാകുളത്തെ ഹെഡ് ഓഫീസിൽ ജോലിക്കു കയറാൻ ശ്രമിച്ച മാനേജ്മെന്റ് അനുകൂല ജീവനക്കാരെ സമരക്കാർ തടഞ്ഞു. എന്നാൽ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ എറണാകുളത്തെ പ്രധാന ഓഫീസിൽ ജോലിക്കു കയറാൻ തയാറായി എത്തുന്ന ജീവനക്കാരെ സമരക്കാർ ഉൾപ്പെടെയുള്ളവർ കായികമായി നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.