ബംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂർ കൃഷ്ണഗിരിയിൽ മുത്തൂറ്റ് ശാഖയിൽ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി വൻ കവർച്ച നടത്തിയ സംഘത്തിലെ നാലു പേർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തമിഴ്നാട്ടിൽനിന്നു 25 കിലോ സ്വർണം കവർച്ച നടത്തി സംസ്ഥാനം വിട്ട സംഘത്തെ ഹൈദരാബാദിൽനിന്നാണ് പോലീസ് പിടികൂടിയത്.
മുഖംമൂടി ധരിച്ചെത്തി പട്ടാപ്പകൽ നടത്തിയ കവർച്ച തമിഴ്നാടിനെ ഞെട്ടിച്ചിരുന്നു. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്നതിന്റെയും കവർച്ച മുതലുമായി ബൈക്കിലും മറ്റുമായി രക്ഷപ്പെടുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഏറെ ദിവസം ആസൂത്രണം നടത്തിയ കവർച്ചയാണ് മുത്തൂറ്റ് ശാഖയിൽ അരങ്ങേറിയതെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, കവർച്ച മുതലുമായി രക്ഷപ്പെടുന്നതിലെ ആസൂത്രണം പൊളിക്കാൻ പോലീസിനു കഴിഞ്ഞു. ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞിരുന്നെങ്കിൽ പിടികൂടാൻ കഴിയാത്ത വിധം കവർച്ചക്കാർ രക്ഷപ്പെടുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
സംഭവം പുറത്തറിഞ്ഞ ഉടൻ ഊർജിതമായി രംഗത്തിറങ്ങിയ പോലീസ് പഴുതടച്ചു നടത്തിയ തെരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയിൽ എത്തി തോക്കു ചൂണ്ടി ഏഴ് കോടിയുടെ സ്വർണം കവർന്നത്.
96,000 രൂപയും മോഷ്ടിച്ചിരുന്നു. പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തതായാണ് വിവരം. ആയുധങ്ങളും പിടിച്ചെടുത്തെന്നു പോലീസ് അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ പ്രതികളെയുമായി അന്വേഷണ സംഘം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു.
പ്രതികൾ സംസ്ഥാന അതിർത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിനു നേരത്തെതന്നെ കിട്ടിയിരുന്നു എന്നാണ് വിവരം. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.