ചങ്ങരംകുളം: ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ എടപ്പാളിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ അനധികൃത പണമിടപാട് നടത്തിവന്നയാൾ പിടിയിലായി.
എടപ്പാൾ പട്ടാന്പി റോഡിൽ (മുത്തു ഫിനാൻസ്) എന്ന അനധികൃത പണമിടപാട് സ്ഥാപനത്തിൽ അമിത പലിശ ഈടാക്കി ലക്ഷങ്ങൾ പലിശക്ക് നൽകി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തിയും രേഖകൾ തിരിച്ച് നൽകാതെയും വ്യാപക തട്ടിപ്പ് നടക്കുന്നതായി വിജിലൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും രഹസ്യ വിവരങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് അഞ്ച് ലക്ഷത്തിലധികം രൂപയും നിരവധി അനധികൃത രേഖകളുമായി സ്ഥാപന ഉടമയായ വട്ടംകുളം കച്ചുന്പ്രൻ നിഷിലി (39)നെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐ ടി.ഡി മനോജ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ വിജയകുമാർ, എസ്സിപി ഒ. നാരായണൻ, സിപിഒമാരായ അരുണ്‍, പീറ്റർ, പ്രവീണ്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഇന്നു രാവിലെ റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ തുടങ്ങിയ പരിശോധന രാത്രി 12 വരെ നീണ്ടു.
സ്ഥാപനത്തിൽ നിന്നു നിരവധി ചെക്ക് ലീഫുകളും മുദ്രപത്രങ്ങളും ഭൂമിയുടെ രേഖകളും അഞ്ചു ലക്ഷത്തിലധികം രൂപയും പിടികൂടിയിട്ടുണ്ട്. പിടിയിലായ നിഷിൽ സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.