ചിങ്ങവനം: മാജിക്കിന്റെ മായികലോകം കാട്ടി ത്രില്ലടിപ്പിക്കുന്ന മജിഷ്യന്‍ മുതുകാട് മെഴുകുപ്രതിമയായി, പക്ഷേ, ഇതു മാജിക്കല്ല. കന്യാകുമാരിയിലെ ബേവാച്ച് മ്യൂസിയത്തില്‍ 22ല്‍പ്പരം ലോക പ്രശസ്ത വ്യക്തികള്‍ക്കൊപ്പം ഇടം പിടിക്കാനാണ് മെഴുകുപ്രതിമ ഒരുങ്ങിയത്. പാക്കില്‍ കുഴിമലയില്‍ ബേബി അലക്സിന്റെ പണിപ്പുരയിലാണു ഇതു പിറവിയെടുത്തത്.
ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, മദര്‍ തെരേസ, ആല്‍ബര്‍ട്ട് ഐന്സ്റ്റൈന്, ചാര്‍ലി ചാപ്ലിന്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, ഡോ. മന്മോഹന് സിംഗ്, അമിതാബ് ബച്ചന്, മൈക്കിള്‍ ജാക്സണ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുടെ പ്രതിമകള്‍ക്കൊപ്പം സ്ഥാപിക്കും. ഇവിടുള്ള ഇരുപതോളം പ്രതിമകള്‍ അലക്സിന്റെ കരവിരുതാണ്. പത്തു വര്‍ഷം മുമ്പ് മദര്‍ തെരേസയുടെ പ്രതിമ നിര്‍മിച്ചാണു തുടക്കമിട്ടത്. ഇന്ത്യയില്‍ ആകെ നാലു പേരും, കേരളത്തില്‍ അലക്സിനെ കൂടാതെ മറ്റൊരാളുമാണു മെഴുക് പ്രതിമയുടെ ശില്പികള്.
പാക്കില്നിന്നു ബേവാച്ച് മ്യുസിയത്തിലേക്കു കൊണ്ടുപോകുന്ന പ്രതിമ പിന്നീടു സാക്ഷാല്‍ മുതുകാടു തന്നെ ഇന്ദ്രജാല പ്രകടനത്തിലൂടെ കാണികള്‍ക്കു മുന്നില്‍ അനാഛാദനം ചെയ്യും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വേളാങ്കണ്ണി പള്ളിയില്‍ സ്ഥാപിക്കാനായി മദര്‍ തെരേസയുടെ മെഴുകു പ്രതിമകള്‍ രൂപപ്പെടുത്തിയിരുന്നു. നയന്‍താര, കമലഹാസന്, എ.ആര്. റഹ്മാന്, ശ്രേയ ഘോഷാല്‍, സോണിയ ഗാന്ധി എന്നിവരുടെ പ്രതിമകളും അലക്സിന്റെ പണിപ്പുരയില്‍ വൈകാതെ പിറവിയെടുക്കും.