ഒറ്റപ്പാലം: അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ കണ്ടപ്പോൾ ആദ്യം അവർക്ക് വിശ്വസിക്കാനായില്ല. മനസിലുയർന്ന അദ്ഭുതം നിമിഷാർധത്തിൽ ആഹ്ലാദത്തിനു വഴിമാറി. പ്രസിദ്ധ മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു അവരുടെ ആ പ്രിയപ്പെട്ട അതിഥി.
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വേദിയിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് മുതുകാട് എത്തിയത്. കാറിലെത്തിയ അദ്ദേഹം നേരെ സ്കൂൾ ഓഫീസിനുള്ളിൽചെന്ന് അധ്യാപകരെയും കലോത്സവ സംഘാടകരെയും കണ്ടു. തുടർന്നു പ്രധാന മത്സരങ്ങൾ നടക്കുന്ന സദസിലേക്ക്.
ഗോപിനാഥ് മുതുകാടിനെ യാദൃച്ഛികമായി അടുത്തുകണ്ട സന്തോഷത്തിൽ കുട്ടികളെപ്പോലെതന്നെ അധ്യാപകരും കലോത്സവം കാണാനെത്തിയവരും ഒരുപോലെ തിക്കും തിരക്കും കൂട്ടി. അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാൻ മത്സരാർഥികളായി എത്തിയ വിദ്യാർഥികൾക്കൊപ്പം അധ്യാപകരുമുണ്ടായിരുന്നു.
പ്രധാന വേദിക്കു മുമ്പിൽ സദസിലെത്തിയ മുതുകാട് കുട്ടികളുമായി അവരുടെ ഭാഷയിൽ ആശയസംവാദം നടത്താനും സമയം കണ്ടെത്തി. ഭിന്നശേഷിക്കാരായ കുട്ടികളിൽ ചിലരെ സ്നേഹപൂർവം മടിയിലിരുത്തി താലോലിച്ചു.
സ്പെഷൽ കലോത്സവം ഒറ്റപ്പാലത്ത് നടക്കുന്നതറിഞ്ഞാണ് ഗോപിനാഥ് മുതുകാട് എത്തിയത്. ഉദ്ഘാടനദിവസം പ്രമുഖ ജനപ്രതിനിധികളാരും എത്താതിരുന്നതും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. തുടർന്നാണ് കലോത്സവ നഗരിയിലെത്താൻ താത്പര്യം പ്രകടിപ്പിച്ചത്.
കലോത്സവനഗരിയിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റിനടന്ന് എല്ലാവരെയും കണ്ട് കൈകൊടുത്തും സെൽഫിക്കും ഫോട്ടോയ്ക്കും പോസ് ചെയ്തശേഷവുമാണ് മജീഷ്യൻ കലോത്സവ നഗരിയിൽനിന്നു തിരിച്ചുപോയത്.
കുട്ടിപ്രതിഭകൾക്ക് സഹായഹസ്തം
കലാരംഗത്തു മികവുതെളിയിക്കുന്ന ഭിന്നശേഷിക്കാരായ പ്രതിഭകൾക്കു മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സഹായഹസ്തം. പ്രത്യേക കരുതൽ അർഹിക്കുന്ന ഭിന്നശേഷിക്കാർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കാനും അവരുടെ കഴിവുകൾ പോഷിപ്പിക്കുന്നതിനുമാണ് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തത്.
തിരുവനന്തപുരത്ത് മുതുകാട് സ്ഥാപിച്ചിട്ടുള്ള മാജിക് അക്കാദമിക്കു കീഴിലുള്ള മാജിക് പ്ലാനറ്റിൽ സാമൂഹ്യ സുരക്ഷാ മിഷനുമായി കൈകോർത്തു നടപ്പാക്കാൻ പോകുന്ന പദ്ധതിയിൽ പങ്കാളികളാകാനാണ് സർഗശേഷിയുള്ള കലാപ്രതിഭകളെ മുതുകാട് ക്ഷണിച്ചത്. ഇങ്ങനെ പദ്ധതിയിൽ അംഗീകാരം നേടുന്നവർക്ക് 5,000 രൂപ സാമ്പത്തിക സഹായം നല്കുകയും ചെയ്യും. പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ മാജിക് അക്കാദമിയുമായോ, സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസുമായോ ബന്ധപ്പെട്ടാൽ ലഭിക്കുമെന്നു മുതുകാട് വ്യക്തമാക്കി.
വളരെയേറെ കഴിവും പ്രാപ്തിയുമുള്ള കുട്ടികൾ ഇക്കൂട്ടത്തിലുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.