പെരുവണ്ണാമൂഴി: മുതുകാട്ടിൽ കാട്ടു പോത്തിനെ വേട്ടയാടി ഇറച്ചി ഭക്ഷിച്ച കേസിൽ വനപാലകരുടെ പട്ടികയിൽ പ്രതികൾ പത്തു പേരുണ്ടെങ്കിലും ഒരാളെ മാത്രം അധികൃതർ പിടിക്കാത്തതിൽ ദുരൂഹത. ബ്രൂസ് ലി എന്ന അപര നാമത്തിലറിയപ്പെടുന്ന മുതുകാട് മലമുകളിലെ പ്രതിയാണു പിടിക്കപ്പെടാതെ നാട്ടിൽ നിർബാധം സഞ്ചരിക്കുന്നത്. ബാക്കി ഒന്പത് പ്രതികളും റിമാൻഡ് ചെയ്യപ്പെട്ടു ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിട്ടുണ്ട്.
മുതുകാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ കൊണ്ടാണു വനപാലകർ രണ്ടാം പ്രതിയെ അറസ്റ്റു ചെയ്യാത്ത തെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. വനം വകുപ്പിന്റെ ഇരട്ടത്താപ്പുനയം അവസാനിപ്പിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേ സമയം ഇയാളെ കരുവാക്കി നിരപരാധികളെ കേസിൽ കുടുക്കാനുള്ള തന്ത്രമാണോ അറസ്റ്റു വൈകിപ്പിക്കാൻ കാരണമെന്നും സംശയമുയരുന്നുണ്ട്. ഇയാളുടെ മൊഴി പ്രകാരം എന്ന കാരണം നിരത്തി കൂടുതൽ പേരെ കേസിലുൾപ്പെടുത്താൻ പുതിയ പട്ടിക അണിയറയിൽ തയാറാവുന്നുണ്ടെന്നാണു നാട്ടുകാർക്കു ലഭിക്കുന്ന സൂചന.