മാങ്കാംകുഴി: ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ അകറ്റാൻ ഇന്ന് ബോധ പൂർവ്വമായ ശ്രമം നടക്കുന്പോൾ മത മൈത്രിയിലൂടെ മാനവ സാഹോദര്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ പണ്ഡിതൻ സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി അഭിപ്രായപ്പെട്ടു.
വെട്ടിയാർ കിഴക്ക് നേർച്ചപ്പള്ളിയിൽ ആണ്ടുനേർച്ചയോടനുബന്ധിച്ച് നടന്ന മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മനുഷ്യരെ പഠിപ്പിക്കുന്നത് പരസ്പര സ്നേഹത്തോടെയും കാരുണ്യത്തോടെയും കഴിയണമെന്നാണ്.
മതങ്ങളെ കുറിച്ച് ശരിയായ പഠനം നടത്താത്തവരാണ് സമൂഹത്തിൽ വർഗീയത വളർത്താൻ ശ്രമിക്കുന്നതെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. ജമാഅത്ത് പ്രസിഡൻറ് കെ.അജി അധ്യക്ഷത വഹിച്ചു.
ജമാഅത്ത് ചീഫ് ഇമാം എ.ആർ. താജുദീൻ മൗലവി, സെക്രട്ടറി ഷൗക്കത്തലി, അസിസ്റ്റൻറ് ഇമാം മുഹമ്മദ് ഇസ്മയിൽ മുസ്ലിയാർ, കഐംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, എസ്എൻ ഡിപി പന്തളം യൂണിയൻ സെക്രട്ടറി ഡോ എ.വി ആനന്ദരാജ്, കെപിഎംഎസ് അറുനൂറ്റിമംഗലം ശാഖാ പ്രസിഡൻറ് രമേശൻ ചിറയിൽ, രാമനല്ലൂർ ക്ഷേത്ര സമിതി ജോ.സെക്രട്ടറി കെ. രാജേഷ്, ഷാജഹാൻ, സലാം, നൈസാംഖാൻ, മുഹമ്മദ് റഷീദ്, ബാലൻ, മുഹമ്മദ് നജീബ് എന്നിവർ പ്രസംഗിച്ചു.