കോഴഞ്ചേരി: കുടുംബകലഹത്തേ തുടർന്ന് അന്പത്തിരണ്ടുകാരൻ കൊല്ലപ്പെട്ടു. സഹോദരിയും ഭർത്താവും പോലീസ് നിരീക്ഷണത്തിൽ.കുന്പനാട് തട്ടയ്ക്കാട് ചെള്ളേത്ത് തുണ്ടിയിൽ മുത്തുമണി (52)യാണ് മരിച്ചത്.മദ്യലഹരിയിൽ എത്തിയ സഹോദരൻ മാതാവിനെ മർദിക്കുന്നതു കണ്ട് ചോദ്യം ചെയ്ത സഹോദരിയാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നു.
രാത്രിയിൽ മദ്യപിച്ച് വീട്ടിലെത്തിയ മുത്തുമണി മാതാവ് ഫെയറിനെ (82) മർദിച്ചതായി പറയുന്നു. ബഹളം കേട്ട് സമീപത്തു വാടകയ്ക്കു താമസിക്കുന്ന മുത്തുമണിയുടെ സഹോദരിയും ഭർത്താവും വീട്ടിലെത്തിയിരുന്നു. സഹോദരിയുടെ കൈവശമുണ്ടായിരുന്ന കന്പിവടി കൊണ്ട് മുത്തുമണിയുടെ തലയിൽ അടിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവർ പോലീസ് കസ്റ്റഡിയിലുണ്ട്.
മുത്തുമണിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു നീക്കി. കുന്പനാട് ആറാട്ടുപുഴ റോഡരികിലെ വീടിനു സമീപം ഒരാൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി പോലീസിനു സന്ദേശം ലഭിച്ചതിനേ തുടർന്ന് കോയിപ്രം എസ്എച്ച്ഒ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരിച്ചനിലയിലാണ് മുത്തുമണിയെ കണ്ടത്.
അവിവാഹിതനാണ്. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നു വർഷങ്ങൾക്കു മുന്പ് ജോലി തേടിയെത്തിയ കുടുംബം തട്ടയ്ക്കാട് ഭാഗത്തു താമസിച്ചുവരികയായിരുന്നു.