കൊച്ചി: പോലീസിനെ വട്ടംകറക്കി കൊച്ചിയിലെ മോഷണത്തിനു പിന്നിലെ പ്രതി മുത്തുശെൽവം. മോഷണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാത്തതു പോലീസിനെയും വലയ്ക്കുന്നു. അന്വേഷണം ഉൗർജിതമാണെന്നും പ്രതിയെ സംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഉൗർജിത അന്വേഷണമാണ് നടത്തിവരുന്നതെന്നും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും അധികൃതർ പറയുന്നു. കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തി വിവിധയിടങ്ങളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി മുത്തുശെൽവത്തെ തേടിയുള്ള അന്വേഷണമാണ് പോലീസ് ഉൗർജിതമാക്കിയിട്ടുള്ളത്. എറണാകുളം സെൻട്രൽ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പോലീസ് ഇതിനോടകം നിരവധി സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. എറണാകുളം ദിവാൻസ് റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷണവും നാലിടത്ത് മോഷണശ്രമവും നടത്തിയതിനു പിന്നാലെ മറ്റ് രണ്ടിടങ്ങളിൽകൂടി ഇയാൾ മോഷണം നടത്തിയിരുന്നു. ഈ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും വിരലടയാള വിദഗ്ദരുടെയും പരിശോധനയിൽനിന്നുമാണ് മോഷണത്തിനു പിന്നിൽ മുത്തുശെൽവമാണെന്നു പോലീസ് തിരിച്ചറിഞ്ഞത്.
ദിവാൻസ് റോഡിൽ പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ്, സൈൻ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങളിലാണു ഏതാനും ദിവസംമുന്പ് മോഷണം നടന്നത്. സ്വർണ നാണയവും പണവുമാണു രണ്ടിടങ്ങളിൽനിന്നായി നഷ്ടമായത്. പ്രതിയെത്തേടി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കെ രണ്ടിടങ്ങളിൽകൂടി മുത്തുശെൽവം മോഷണം നടത്തി. ഇതിൽ ഒരു വീട്ടിൽനിന്നു പണം നഷ്ടപ്പെട്ടിരുന്നു. മുന്പ് പലകുറി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ളയാളാണ് മുത്തുശെൽവം.
പിന്നീട് തമിഴ്നാട് പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതി ജയിൽശിക്ഷ കഴിഞ്ഞിറങ്ങി മോഷണം നടത്തിവരികയായിരുന്നു. പ്രതി മൊബൈൽ ഫോണ് കൂടുതലായി ഉപയോഗിക്കാത്തതും പോലീസിന് തിരിച്ചടിയായിട്ടുണ്ടെന്നാണു വിവരം. വിവിധ തലങ്ങളിൽ അന്വേഷണം വ്യാപിക്കുകയാണെന്നാണു പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.