കൊച്ചി: ഒരിടവേളയ്ക്കുശേഷം കൊച്ചി നഗരത്തിൽ മോഷണം വർധിക്കുന്നു. തമിഴ്നാട് സ്വദേശി മുത്തുശെൽവത്തെത്തേടി പോലീസ് പരക്കം പായുന്നതിനിടെ നഗരത്തിൽ വീണ്ടും മോഷണം അരങ്ങേറി. ചിറ്റൂർ റോഡിലാണ് രണ്ടാം വട്ടവും മോഷണമുണ്ടായത്. വളഞ്ഞന്പലത്തിനു സമീപം യന്ത്രത്തിന്റെ ഭാഗങ്ങൾ വിൽക്കുന്ന കടയിലാണ് ഞായറാഴ്ച മോഷണം നടന്നത്. 2.39 ലക്ഷം രൂപയാണ് ഇവിടെനിന്ന് മോഷ്ടാവ് കവർന്നത്.
മോഷ്ടാവ് മുഖം മറച്ചാണു മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ടോർച്ചുമായി കടയിൽ കയറുന്നതും മറ്റും സിസിടിവി ദൃശ്യങ്ങളിലുണ്ട്. മോഷ്ടാവ് മുത്തുസെൽവമല്ലെന്നാണ് പോലീസിന്റെ നിഗമനം. മോഷണ രീതിവച്ചും മുഖം മറച്ചതു കൊണ്ടും മുത്തുസെൽവമല്ലെന്നാണ് പോലീസ് കരുതുന്നത്.
വാതിൽ തകർക്കാതെ, പൂട്ട് പൊളിച്ചാണു മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. മുത്തുസെൽവത്തിന്റെ രീതി വാതിൽ തകർത്ത് അകത്ത് കയറുന്നതാണ്. ഇതാണ് മോഷ്ടാവ് മുത്തുസെൽവമല്ലെന്ന് പോലീസ് കരുതാൻ കാരണം. മുത്തുസെൽവത്തിനെ പിടികൂടാനായി പോലീസ് ശക്തമായ രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് നഗരത്തിൽ വീണ്ടും മോഷണം നടന്നത്.
എറണാകുളം ദിവാൻസ് റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷണവും നാലിടത്ത് മോഷണശ്രമവും നടന്നതിനു പിന്നാലെയാണ് മുത്തുശെൽവം കൊച്ചിയിലെത്തിയതായി പോലീസ് തിരിച്ചറിഞ്ഞത്. ദിവാൻസ് റോഡിൽ പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ്, സൈൻ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങളിലാണു ഏതാനും ദിവസംമുന്പ് മോഷണം നടന്നത്.
സ്വർണ നാണയവും പണവുമാണു രണ്ടിടങ്ങളിൽനിന്നായി നഷ്ടമായത്.
മുന്പ് പലകുറി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ള മുത്തുശെൽവം തമിഴ്നാട്ടിലെ ജയിലിൽനിന്നിറങ്ങി മോഷണം നടത്തിവരികയാണെന്നാണ് അധികൃതർ സംശയിക്കുന്നത്. ഈ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കെ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് മുത്തുശെൽവം മറ്റ് രണ്ടിടങ്ങളിൽകൂടി മോഷണം നടത്തി.
സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽതന്നെയായിരുന്നു മോഷണം. ഇതിൽ ഒരു വീട്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ട്. സിസിടിവി കാമറകളുടെ പരിശോധനയിൽനിന്നുമാണു മുത്തുസെൽവനാണ് ഈ മോഷണങ്ങൾക്കു പിന്നിലെന്നും പോലീസ് തിരിച്ചറിഞ്ഞത്. സെൻട്രൽ എസ്ഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഉൗർജിതമായി തുടരവേയാണു കഴിഞ്ഞ ദിവസം ചിറ്റൂർ റോഡിൽ മോഷണം നടന്നത്. അന്വേഷണം ഉൗർജിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടന്നുമാണു പോലീസ് പറയുന്നത്.
തുടർച്ചയായി മോഷണം നടന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. സാധാരണ മഴക്കാലത്താണു മോഷണം വർധിക്കാറുണ്ടെങ്കിലും മഴക്കാലത്തിനുമുന്പേ മോഷണം വർധിച്ചതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. രാത്രിയിൽ വൻ പട്രോളിംഗാണു കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നടത്തിവരുന്നത്.