കൊച്ചി: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും മോഷണം നടന്ന സാഹചര്യത്തിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. എറണാകുളം ദിവാൻസ് റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷണവും നാലിടത്ത് മോഷണശ്രമവും നടന്നതിനു പിന്നാലെ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചാണ് കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ മോഷണം നടന്നത്.
സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽതന്നെയാണ് ബുധനാഴ്ച അർധരാത്രിക്കുശേഷം മോഷണം ഉണ്ടായത്. ഇതിൽ ഒരു വീട്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സ്വദേശി മുത്തുസെൽവനാണ് ഈ മോഷണങ്ങൾക്കു പിന്നിലെന്നും പോലീസ് പറയുന്നു. സിസിടിവി കാമറകളുടെ പരിശോധനയിൽനിന്നുമാണു പ്രതിയെ തിരിച്ചറിഞ്ഞത്.
സെൻട്രൽ എസ്ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണത്തിൽ വിവിധ പ്രദേശങ്ങളിൽ അന്വേഷണം ഉൗർജിതമാണെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയിൽ വൻ പട്രോളിംഗാണു കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കെച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നടത്തിയത്. ദിവാൻസ് റോഡിൽ പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ്, സൈൻ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങളിലാണു ഏതാനും ദിവസംമുന്പ് മോഷണം നടന്നത്.
സ്വർണ നാണയവും പണവുമാണു രണ്ടിടങ്ങളിൽനിന്നായി നഷ്ടമായത്. മുന്പ് പലകുറി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ള പ്രതി തമിഴ്നാട്ടിലെ ജയിലിൽനിന്നിറങ്ങി മോഷണം നടത്തിവരികയാണെന്നാണ് അധികൃതർ പറയുന്നത്. അതിനിടെ, തുടർച്ചയായി മോഷണം നടന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.
സാധാരണ മഴക്കാലത്താണു മോഷണം വർധിക്കാറുണ്ടെങ്കിലും മഴക്കാലത്തിനു മുന്പേ മോഷണം വർധിച്ചതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. എന്നാൽ, ജനങ്ങൾ പേടിക്കേണ്ടതില്ലെന്നും വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ഉൗർജിതമാണെന്നും പ്രതി ഉടൻ പിടിയിലാകുമെന്നുമാണു പോലീസ് പറയുന്നത്.