മുക്കം: വേനൽ കനത്ത് നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സണ്ണിപ്പടി കിഴക്കഞ്ചേരി ആദിവാസി കോളനി അധികൃതരുടെ അനാസ്ഥയുടെ നേർകാഴ്ചയാവുകയാണ്.ആദിവാസികളിലെ മുതുവാൻ വിഭാഗമുൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വേനൽ തുടങ്ങിയ സമയം മുതൽ തന്നെ കുടിവെള്ളം കിട്ടാക്കനിയാണ്.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് 2006 ൽ പട്ടികവർഗ്ഗ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ കുളവും 15000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും നിർമിച്ചെങ്കിലും ഇന്നുവരെ ഒരു തുള്ളി വെളളം പോലും ടാങ്കിലെത്തിയിട്ടില്ല. കൊടുവള്ളി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി. പണി പൂർത്തീകരിച്ച ശേഷമുള്ള പരീക്ഷണ പമ്പിംഗില് തന്നെ പൈപ്പുകളെല്ലാം പൊട്ടിയതാണ് കാരണം.
മൂന്ന് ആദിവാസി കോളനികളിലെ ഇരുപത്തഞ്ചോളം കുടുംബങ്ങൾ ഉൾപ്പെടെ 100 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നത്. കിഴക്കഞ്ചേരിയിലെ തോടിന് സമീപം പത്ത് മീറ്ററോളം ആഴത്തിൽ കുളവും പമ്പ് ഹൗസും നിർമിച്ചു.
അതിന് മുകളിൽ മോട്ടോർ പമ്പിനായി ഒരു ദ്വാരമിട്ട് കോൺഗ്രീറ്റ് സ്ലാബും ഒരു കിലോമീറ്റർ അപ്പുറത്തെ മലയിൽ ടാങ്കും നിർമിച്ചു. എന്നാൽ പരീക്ഷണ പമ്പിംഗില് തന്നെ മോട്ടോറിൽ നിന്നും ടാങ്കിലേക്കുള്ള പൈപ്പ് പൂർണമായും പൊട്ടിപ്പൊളിഞ്ഞു.
ഗുണമേന്മലില്ലാത്ത പൈപ്പാണ് പദ്ധതിയ്ക്കായി ഉപയോഗിച്ചത്. ഇതോടെ കരാറുകാരൻ മുങ്ങുകയും ചെയ്തു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ടാങ്കിന് ചോർച്ചയുള്ളതായി നാട്ടുകാർ പറയുന്നു. പരീക്ഷണത്തിൽ തന്നെ പദ്ധതി പാളിയതോടെ ടാങ്ക് കടുപിടിച്ച് കിടക്കുകയാണ്.മഴക്കാലത്ത് മലയിൽ നിന്നും വരുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. വേനൽക്കാലം തുടങ്ങുമ്പോൾ മലവെള്ളം വരുന്നതോട്ടിൽ വലിയ കുഴികുത്തി വെള്ളം സംഭരിക്കും.
ഫെബ്രുവരിയാകുമ്പോൾ അതുംഏകദേശം വറ്റും. പീന്നീടുള്ള മൂന്ന് മാസം കുടിവെള്ളത്തിനുള്ള നെട്ടോട്ടമാണ്. വൈകുന്നേരം വരെ കാത്തിരുന്നാൽ ചിലപ്പോൾ ഒരു കുടം വെള്ളം കിട്ടും. ചിലപ്പോൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ലോറിയിൽ വെള്ളമെത്തിക്കും. ലോറി വന്നില്ലെങ്കിൽ കുളിയ്ക്കാനും അലക്കാനും ഓട്ടോ വിളിച്ച് വല്ലാത്തായ്പാറയിലെ പുഴയിൽ പോകും. വേനൽ കടുക്കുമ്പോഴേക്കും സമീപത്തെ തോട്ടിലെ വെള്ളം വറ്റും.