പഴയങ്ങാടി(കണ്ണൂർ): എരിപുരത്ത് ലോറി നിയന്ത്രണംവിട്ട് റോഡരികിലെ കെട്ടിടം ഇടിച്ചു തകർത്തു.ലോറി ഡ്രൈവർ മരിച്ചു.
കെഎസ്ടിപി റോഡ് എരിപുരം റോഡ് നാൽക്കവല സർക്കിളിന് സമീപം ഇന്നു പുലർച്ചെ രണ്ടോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (26) ആണ് മരിച്ചത്.
മംഗളൂരുവിൽ നിന്ന് തൃച്ചിയിലേക്ക് കരിയുമായി പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇടിയുടെ ആഘാതത്തിൽ കെട്ടിടം പൂർണമായും തകർന്നു.എരിപുരം സ്വദേശി ഹസൻ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്.
സമീപത്തുള്ള കെ.ഭാർഗവന്റെ ഉടമസ്ഥതയിലുള്ള ബിന്ദു ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾ പഴയങ്ങാടി സിഐ ഇ.ജയചന്ദ്രൻ, എസ്ഐമാരായ കെ.ജെ. മാത്യു, എസ്.ഷാജി, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ,വാർഡ് അംഗം ജസീർ അഹമ്മദ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ റോഡിൽ നിന്നും നീക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
കണ്ണൂരിൽ നിന്നും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിരുന്നു.
മരിച്ച മുത്തു തിരുപ്പൂരിലെ അവിനാശ് എന്ന സ്ഥലത്തെ ചിന്നദുരെ -പെരിയമ്മ ദമ്പതികളുടെ മകനാണ്.
ഏക സഹോദരി കീർത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.