കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരം കുറഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ വില്പന നടത്തുന്നതായി പരാതി. ചെറുകിട കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഇതര സംസ്ഥാനത്തുനിന്നും എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞതും പ്രതിരോധ മരുന്നുകൾ നല്‍കാത്തതുമായ കോഴിക്കുഞ്ഞുങ്ങളെയാണു വിവിധ സ്ഥലങ്ങളിൽ എത്തിച്ചു വില്പന നടത്തുന്നത്.
ഇതര സംസ്ഥാനത്തെ നഴ്സറികളിൽനിന്നും തിരിഞ്ഞു മാറ്റുന്ന കോഴി കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ ഇവിടങ്ങളിൽ എത്തിക്കുന്നതെന്നു പറയപ്പെടുന്നു. 150 മുതൽ 180 രൂപ വരെ വിലിയിടാക്കിയാണു കോഴികുഞ്ഞുങ്ങളെ കർഷകർക്കു വില്പന നടത്തുന്നത്. കർഷകർ ഇവയെ വാങ്ങി ഏതാനും ദിവസങ്ങൾ കഴിയുന്പോൾ കോഴി കുഞ്ഞുങ്ങൾ ചത്തുവീഴുകയാണ്.
പ്രതിരോധ ശേഷിയില്ലാത്തതും രോഗമുള്ളതുമായ കോഴികളെ വീടുകളിലേക്കു എത്തിക്കുന്നതോടെ വീടുകളിൽ വളർത്തുന്ന മറ്റു കോഴികളിലേക്കും രോഗം പടരാൻ സാധ്യത കൂടുതലാണ്.മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയുള്ള എഗ് നഴ്സറികളിൽനിന്നും വാങ്ങുന്ന കോഴികുഞ്ഞുങ്ങൾക്കു മാത്രമേ പൂർണമായ തോതിൽ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുകയുള്ളു.
മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയില്ലാതെ കോഴികുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്കു കർഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പരാതി നല്കി.