തൊടുപുഴ: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാറായ മുട്ടം പോലീസ് സ്റ്റേഷൻ മന്ദിരത്തിന്റെ പ്രവർത്തനം മുടങ്ങിയതോടെ പുതിയ കെട്ടിടത്തിലക്കുള്ള മാറ്റം വൈകാൻ സാധ്യത. പോലീസുകാർ വീണ്ടും പരിമിതമായ സൗകര്യങ്ങളുള്ള പഴയ കെട്ടിടത്തിൽ തന്നെ കഴിയേണ്ടി വരും.
സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് നിർമാണ പ്രവർത്തനം മന്ദീഭവിക്കാൻ കാരണമായി പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ പുതിയ സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ജനുവരി 12 നാണ് മുട്ടം ഒൗട്ട് പോസ്റ്റിനെ പോലീസ് സ്റ്റേഷനായി ഉയർത്തിയത്.
ഒൗട്ട്പോസ്റ്റ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിൽ തന്നെയാണ് പുതിയ സ്റ്റേഷനും പ്രവർത്തനമാരംഭിച്ചത്.സ്റ്റേഷനായി ഉയർത്തിയെങ്കിലും അപര്യാപ്തത മൂലം ഇവിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ ദുരിതത്തിലായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്നവർക്ക് വിശ്രമ സൗകര്യം പോലും ഇല്ലായിരുന്നു. ഇതിനു പുറമേ ആയിരുന്നു മേൽക്കൂരയുടെ ചോർച്ച.
വനിതകളുൾപ്പെടെ 36 പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. നിലവിലെ സ്റ്റേഷൻ നിലനിർത്തിയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. നിർമാണം പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനനുസരിച്ച് പഴയ കെട്ടിടം ജീവനക്കാർക്കുള്ള ക്വാട്ടേഴ്സായി മാറ്റാനാണ് തീരുമാനം. കാലപഴക്കത്താൽ നാശത്തിന്റെ വക്കിലെത്തിയ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം വേണമെന്നുള്ളത് വർഷങ്ങളായിട്ടുള്ള ആവശ്യമായിരുന്നു.
ആഭ്യന്തര വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 85 ലക്ഷം രൂപയാണ് പുതിയ കെട്ടിട നിർമാണത്തിനായി അനുവദിച്ചത്. 68 സെന്റ് സ്ഥലമാണ് ഇവിടെ പോലീസ് സ്റ്റേഷനുള്ളത്. 3500 ചതുരശ്രയടിയിൽ ഇരുനിലകളിലുള്ള കെട്ടിടത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായി.കഴിഞ്ഞ ഏതാനും മാസങ്ങളായി നിർമാണം മുടങ്ങിക്കിടക്കുകയാണ്. ഓഫീസ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട് വേണ്ട തുടർ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു.
സർക്കാരിന്റെ അംഗീകൃത ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരളയ്ക്കാണ് (സിൽക് ) പുതിയ കെട്ടിടത്തിന്റെ നിർമാണ ചുമതല. സിൽക്ക് ഉപകരാർ നൽകിയിരിക്കുന്ന എറണാകുളത്തെ സ്വകാര്യ കന്പനിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ജില്ലയിൽ ഉടുന്പഞ്ചോലയിലെയും കുളമാവിലെയും പോലീസ് സ്റ്റേഷനുകളുടെ നിർമാണവും സിൽക്കിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
ഒരു കോടി രൂപ വീതമാണ് ഇവയുടെ നിർമാണ ചെലവ്. എസ്എച്ച്ഒ, എസ്ഐ, എഎസ്ഐ, റൈറ്റർ എന്നിവർക്കുള്ള മുറി, ഫ്രണ്ട് ഓഫീസ്, എട്ടോളം ശുചിമുറികൾ, ഉദ്യോഗസ്ഥർക്കുള്ള വിശ്രമ കേന്ദ്രം.
ആംസ് റൂം, റിക്കാർഡ്റൂം, പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേക ലോക്കപ്പുകൾ , തൊണ്ടിമുതൽ സൂക്ഷിക്കാനുള്ള മുറി, കണ്ട്രോൾ റൂം എന്നിവയാണ് പുതിയ സ്റ്റേഷനിൽ സജ്ജീകരിക്കുന്നത്.