മുട്ടം : ടൗണിൽ രാത്രി സമയത്തു വെളിച്ചം നൽകാത്ത വഴിവിളക്കുകൾ പകൽ പ്രകാശിക്കും. മുട്ടം ടൗണിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ചില സ്ഥലങ്ങളിലെ വഴിവിളക്കുകളാണ് പകൽ സമയത്ത് വ്യാപകമായി പ്രകാശിക്കുന്നത്. നാട്ടുകാർ ഇതു സംബന്ധിച്ച പരാതികൾ വൈദ്യുതി ബോർഡ് ഉദേ്യാഗസ്ഥരെ അറിയിച്ചാൽ ഏതാനും ദിവസത്തേക്ക് പ്രശ്ന പരിഹാരമാകും.
എന്നാൽ രണ്ടു ദിവസം കഴിയുന്പോൾ വീണ്ടും പഴയ അവസ്ഥയിലാകും. ചില ഭാഗങ്ങളിൽ വഴിവിളക്കുകൾ രാത്രികാലങ്ങളിൽ തെളിയാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർധിച്ചിരിക്കുകയാണ്.
ലക്ഷങ്ങൾ ചെലവഴിച്ച് മുട്ടം ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതായിട്ട് രണ്ടു മാസത്തിലേറെയായിട്ടും ഇത് പ്രവർത്തന സജ്ജമാക്കാൻ ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ ടൗണ്‍ ഇരുട്ടിലാവും.
രാത്രിയിൽ തെളിയാത്ത വഴിവിളക്കുകൾ തെളിക്കണമെന്നും പകൽ തെളിയുന്നവ കെടുത്തുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.