സീമ മോഹൻലാൽ
നിലവിൽ ചാത്തന്നൂർ പോലീസ് ഇൻസ്പെക്ടറായ വി. ശിവകുമാർ തൊടുപുഴ മുട്ടം ഇൻസ്പെക്ടറായിരിക്കുന്ന സമയം.
2021 മാർച്ച് 31ന് പുലർച്ചെ 3.30ന് ക്വാർട്ടേഴ്സിലായിരുന്ന ശിവകുമാറിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. മുട്ടത്ത് ഒരു വീടുകത്തി.
ഒരു സ്ത്രീ വീടിനുള്ളിൽ ഉണ്ടെന്നായിരുന്നു ഫോണ് വിളിച്ചയാൾ പറഞ്ഞത്. രാവിലെ അഞ്ചിന് പത്തനംതിട്ടയിൽ ഒരു വിവിഐപി ഡ്യൂട്ടിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹമപ്പോൾ.
ഉടൻതന്നെ ശിവകുമാർ സംഭവസ്ഥലത്തെത്തി. അവിടെ പോലീസും ഫയർഫോഴ്സും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി(72)യാണ് പൊള്ളലേറ്റ് മരിച്ചത്.
മൂന്നര ഏക്കർ സ്ഥലത്ത് ഓടിട്ട പഴയകാല തറവാട് വീടായിരുന്നു അവരുടേത്. പറന്പിൽ വാഴയും പച്ചക്കറികളും ഉൾപ്പെടെയുള്ളവ കൃഷി ചെയ്തിരുന്നു.
പോലീസ് വീട്ടിലെത്തുന്പോൾ പരിസരവാസികൾക്കൊപ്പം സരോജിനിയുടെ ബന്ധുവായ വെള്ളത്തൂവൽ ശല്യാംപറ വരികിൽ സുനിൽകുമാറും ഉണ്ടായിരുന്നു.
ഏറെ ദുഃഖിതനായി കാണപ്പെട്ട സുനിൽകുമാർ പോലീസിനോട് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ചിറ്റ പോയി എന്നു പറഞ്ഞ് അലമുറയിട്ടു കരഞ്ഞ് തറയിലേക്കു ബോധരഹിതനായി വീണു.
ഉടൻതന്നെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. 2013 മുതൽ സരോജിനിയുടെ സഹായിയായി സുനിൽകുമാറാണ് കൂടെയുള്ളത്.
ശബ്ദം കേട്ട് താൻ എത്തുന്പോൾ മുറി തുറന്നുകിടക്കുകയായിരുന്നുവെന്ന് സുനിൽകുമാർ പോലീസിനോടു പറഞ്ഞു.
തീ കെടുത്താനുള്ള ശ്രമത്തിനിടയിൽ തന്റെ ശരീരത്തിലും ചെറുതായി പൊള്ളലേറ്റ കാര്യം സുനിൽകുമാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.
പോലീസ് പരിശോധനയിൽ വീടിന്റെ മൂന്നു മുറികൾ പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു. അടുക്കളഭാഗവും സരോജിനി കിടന്നിരുന്ന മുറിയുമൊക്കെ കത്തിക്കരിഞ്ഞിരുന്നു.
ഫയർ ഫോഴ്സെത്തിയാണ് തീ അണച്ചത്. തുടർന്ന് ആവശ്യമുള്ള പോലീസുകാരെ ഇൻസ്പെക്ടർ സംഭവസ്ഥലത്തു നിർത്തി.
കേസ് എടുക്കാനായി എസ്ഐയെ ചുമതലപ്പെടുത്തി ശിവകുമാർ സ്റ്റേഷനിലേക്ക് പോന്നു. അൽപസമയത്തിനുള്ളിൽ അസിസ്റ്റന്റ് കമ്മീഷണറുടെ ഫോണ് ശിവകുമാറിനെത്തി.
ശിവകുമാർ വിവിഐപി ഡ്യൂട്ടിക്ക് പോകേണ്ടെന്നും മരിച്ച സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്നുമായിരുന്നു നിർദേശം.
തലയ്ക്ക് പിന്നിൽ ചതവേറ്റ പാട്
സംഭവസ്ഥലത്ത് തിരിച്ചെത്തിയ ശിവകുമാറും പോലീസ് സംഘവും ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഇൻക്വസ്റ്റ് പൂർത്തിയാക്കാൻ മൂന്നര മണിക്കൂറെടുത്തു.
ഇൻക്വസ്റ്റ് നടത്തുന്പോൾ മറ്റൊരു രീതിയിലുള്ള സംശയവും പോലീസ് സംഘത്തിന് ഉണ്ടായില്ല. കോട്ടയം മെഡിക്കൽ കോളജിലെ അസി. പോലീസ് സർജൻ ഡോ. സന്തോഷ് ജോയിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
സരോജിനിയുടെ തലയുടെ പുറകുഭാഗത്ത് ചതവുണ്ടായെന്നും ഇതിൽനിന്ന് ചെറിയ തോതിൽ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
മൂന്നു വാരിയെല്ലുകൾക്കു പൊട്ടലുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഡോക്ടർ ഇൻസ്പെക്ടറിനോടു പറഞ്ഞു.
അതേസമയം തീ കത്തുന്പോൾ ഓടി വീണാലും ഇങ്ങനെ സംഭവിക്കാമെന്നുമുള്ള സൂചനയും ഡോക്ടർ നൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
വീണ്ടും സംഭവസ്ഥലത്തേക്ക്
തുടർന്ന് രണ്ടു ദിവസത്തിനുശേഷം പോലീസ് നടപടികളുടെ ഭാഗമായി ഇൻസ്പെക്ടറും സംഘവും ആ വീട്ടിൽ വീണ്ടും എത്തി.
52കാരനായ സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തെങ്കിലും സംശയം തോന്നത്തക്ക സാഹചര്യമൊന്നും അയാളിൽ കണ്ടില്ല.
ചിറ്റ ഗ്യാസ് പൊട്ടിത്തെറിച്ചു മരിച്ചതാണെന്ന് അയാൾ പല തവണ ആവർത്തിച്ചു. എങ്കിലും പല കേസന്വേഷണത്തിലും മികവു പുലർത്തിയിരുന്ന ഇൻസ്പെക്ടർ ശിവകുമാറിനു മുന്നിൽ ചില സംശയങ്ങൾ ഉടലെടുത്തു.
ഈ സംഭവത്തിൽ ദൃക്സാക്ഷികളാരും ഇല്ലാതിരുന്നതിനാൽ പ്രതിയെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു ശിവകുമാറിനും സംഘത്തിനും മുന്നിലുണ്ടായിരുന്നത്.
അവിടെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തിയിരുന്നു. സംഭവം അറിഞ്ഞ് അയൽവാസികൾ ചെല്ലുന്പോൾ ആ വീടിന്റെ വാതിൽ തുറന്നു കിടന്നുവെന്നാണ് അവിടെയുണ്ടായിരുന്നവർ പോലീസിന് മൊഴി നൽകിയത്.
പോലീസ് വീണ്ടും മുറി പരിശോധിച്ചു. ആ പരിശോധനയിൽ ഇൻസ്പെക്ടർ ശിവകുമാറിന്റെ മനസിൽ ചില സംശയങ്ങൾ ഉടലെടുത്തു.
തുറന്നു കിടന്ന വാതിൽ
തുറന്നു കിടക്കുന്ന മുറിയിൽ കാണുന്ന രീതിയിലുള്ള തീപിടിത്തമായിരുന്നില്ല അവിടെ കണ്ടത്.
ആ മുറിയുടെ വാതിലിന്റെ അകത്തെ വശത്ത് തീ കത്തിയതിനെത്തുടർന്ന് കരി പിടിച്ചിരുന്നു. വാതിൽ തുറന്നു കിടന്നിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്ന് ഇൻസ്പെക്ടർക്ക് ബോധ്യം ഉണ്ടായിരുന്നു.
അതിൽ കൂടുതൽ സ്ഥിരീകരണത്തിനായാണ് പോലീസ് പിന്നീട് ശ്രമിച്ചത്. അതേസമയം ഇൻക്വസ്റ്റ് സമയത്ത് ഉണ്ടായിരുന്ന സയന്റിഫിക് അസിസ്റ്റന്റിന് അത്ര പ്രാവീണ്യം ഉണ്ടായിരുന്നില്ലെന്നു പോലീസ് സംഘത്തിനു മനസിലായി.
അതിനാൽതന്നെ ഈ സംശയം ദൂരീകരിക്കാനായി എറണാകുളം റീജണൽ ഫോറൻസിക് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടർ അജേഷ്, സൂസൻ എന്നിവരെ പോലീസ് സംഘം വിളിപ്പിച്ചു. ഇരുവരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.
തീപിടിത്തമുണ്ടായാൽ ആ മുറിയിൽ തീ പടരും. എന്നാൽ സരോജിനി മരിച്ചു കിടന്ന മുറിയിലെ തീപിടിത്തത്തിന്റെ രീതി വ്യത്യസ്തമായിരുന്നു.
ഈ സംശയം അജേഷ് പ്രകടിപ്പിച്ചു. സരോജിനിയുടെ മുറിയിലെ വാതിലിന്റെ ലോക്ക് ഇളകിയിരിക്കുന്നതായി സൂസൻ കണ്ടെത്തി.
ഇതെല്ലാം ഉറപ്പുവരുത്തുന്നതിനായി ഒരുതവണ കൂടി അജേഷ് അവിടെയെത്തി. സംഭവത്തിൽ സംശയം ഉണ്ടെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
തീപിടിത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമോ? സുനിൽകുമാർ പറഞ്ഞത് സത്യമോ ? പിന്നെ ഡമ്മി പരീക്ഷണം…
കത്തിച്ച് കൊന്നു..! വിൽപത്രം എഴുതിയത് അറിഞ്ഞില്ല; എല്ലാം സ്വത്തിനുവേണ്ടി; ഒടുവിൽ എല്ലാം തുറന്നു പറഞ്ഞു പ്രതി സുനിൽകുമാർ