കൊല്ലം :പ്രളയാനന്തരം വീടുകളിലേക്ക് തിരികെ എത്തുന്നവരുടെ പോഷക സുരക്ഷയ്ക്കായി മൃഗസംരക്ഷണ വകുപ്പ് കോഴിമുട്ട വിതരണം തുടങ്ങി. സ്കൂള്‍ കുട്ടികള്‍ക്ക് ഒരു ലക്ഷം മുട്ട നല്കുന്ന പദ്ധതി പെരിങ്ങാലം ഹയര്‍ സെക്കന്ററി സ്കൂളില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഇലക്കിയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാല്പതോളം വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
മഴക്കെടുതി കൂടുതലായി അനുഭവപ്പെട്ട കുന്നത്തൂര്‍, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മണപ്പള്ളി, പാവുമ്പ, ശാസ്താംകോട്ട, പിടവൂര്‍, തലവൂര്‍, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, ആദിച്ചനല്ലൂര്‍ തുടങ്ങിയ മേഖലകളിലും മറ്റു പ്രദേശങ്ങളിലും മൂന്നു ദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും.
തമിഴ്നാട് നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം മുട്ടകള്‍ ജില്ലയില്‍ എത്തിച്ചത്. പരിശോധിച്ച് ഭക്ഷ്യയോഗ്യമെന്ന് ഉറപ്പു വരുത്തിയ മുട്ടകളാണ് വിതരണം ചെയ്യുന്നത് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
മണ്‍റോതുരുത്ത് പഞ്ചായത്തിലെ പെരിങ്ങാലം ദ്വീപില്‍ 400 ഓളം സ്കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ടകള്‍ വിതരണം ചെയ്തു. വെള്ളക്കെട്ടുള്ള പ്രദേശത്ത് പ്രത്യേകം സജ്ജീകരിച്ച ബോട്ടുകളിലാണ് മുട്ട എത്തിച്ചത്. മൃഗസംരക്ഷണവകുപ്പിന്റെ ടെലി വെറ്ററിനറി സര്‍വീസ് യൂണിറ്റ്, എസ്. പി. സി. എ എമര്‍ജന്‍സി കെയര്‍ സംവിധാനം, ജില്ലാ പഞ്ചായത്തിന്റെ ആംബുലന്‍സ് എന്നിവയുടെ സേവനവും വിനിയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന് അധ്യക്ഷനായി. ഔഷധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍ നിര്‍വഹിച്ചു.