മാഹി: മാഹി മേഖലയിലെ ചില വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ ജന്മദിനാഘോഷങ്ങൾ മുട്ടയേറിൽ കലാശിക്കുന്നത് വ്യാപകമാകുന്നു. ഉച്ചഭക്ഷണത്തിനുള്ള ബെൽ മുഴങ്ങുന്നതോടെയാണ് സ്കൂൾ അധികൃതരുടെ കണ്ണുവെട്ടിച്ച് പരിപാടിയുടെ തുടക്കം.
ജന്മദിനം ഫേസ്ബുക്കിലൂടെ നേരത്തെ തിരിച്ചറിഞ്ഞ് സഹപാഠികളെ കണ്ടെത്തുകയാണ് ആദ്യ നീക്കം. പിന്നെ, ജന്മദിനം ആഘോഷിക്കുന്ന കുട്ടിയുടെ ദേഹത്തേക്ക് മുട്ടയെറിയും. പിന്നാലെ കൂക്കിവിളിയുമുണ്ടാകും.
കഴിഞ്ഞദിവസം സ്കൂളിന്റെ പുറത്ത് റോഡിൽ സംഭവം അരങ്ങേറിയപ്പോൾ മുട്ട ലക്ഷ്യം തെറ്റി ഒരു വ്യാപാരിയുടെ കടയുടെ ഗ്ലാസിന് പതിച്ചതിനെ തുടർന്ന് പരാതി പോലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു. സംഭവത്തിനുശേഷം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സസ്പെൻഷൻ നേരിടേണ്ടി വരുമെന്ന് അധ്യാപകർ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.