കായംകുളം: പുതുപ്പള്ളി-കായംകുളം റോഡിലെ വർഷങ്ങൾ പഴക്കമുള്ള മുട്ടേൽ പാലം ഇനി ഓർമയിലേക്ക്. പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കാൻ നടപടികളായതിനെത്തുടർന്ന് പഴയപാലം പൊളിക്കാനുള്ള നടപടികൾ നാളെ ആരംഭിക്കും. പാലം നിർമിക്കാൻ എട്ടുകോടി യുടെ ഭരണാനുമതിയാണ് സർക്കാർ അനുവദിച്ചത്. രണ്ടുതവണ ബജറ്റിൽ ഇടംനേടിയെങ്കിലും ഇവിടെ പാലം നിർമാണം വർഷങ്ങളായി നീളുകയായിരുന്നു.
കഴിഞ്ഞ ബജറ്റിൽ 15 കോടി രൂപ പാലത്തിനും റോഡിനുമായി അനുവദിച്ചിരുന്നു. പിന്നീട് പുതിയിടം പ്രയാർ ആലുംപീടിക റോഡിന് മാത്രം 20 കോടി അനുവദിച്ചു. ഇതേ തുടർന്നാണ് പാലത്തിന് മാത്രമായി എട്ടുകോടിയുടെ ഭരണാനുമതി നൽകിയത്. യു.പ്രതിഭ എംഎൽഎ യുടെ ഇടപെടലിനെ തുടർന്നാണ് മുട്ടേൽ പാലത്തിന്റെ നിർമാണത്തിന് പണം അനുവദിച്ചത്. കായലും തോടും കൊണ്ട് ചുറ്റപ്പെട്ട കായംകുളത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് മുട്ടേൽ പാലം.
ഈ പാലം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു കാലത്ത് കാർഷിക സമൃദ്ധിയുടേയും കയർ വ്യവസായത്തിന്േറയും പ്രമുഖ കേന്ദ്രമായിരുന്നു. അരിച്ചാക്കും വാഴക്കുലകളും തൊണ്ടും തേങ്ങയുമായി പാലമിറങ്ങിപ്പോകുന്ന കാളവണ്ടികളും കൈവണ്ടികളും ഈ പാലത്തിന്റെ ഗതകാല സ്മരണകളാണ്. വേലിയേറ്റ സമയത്ത് കായലിലെ ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ തോടിനു കുറുകെ ഓലയും ചെളിയും കൊണ്ട് മുട്ടുകൾ കെട്ടുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് മുട്ടേൽ എന്ന സ്ഥലപ്പേരും പാലത്തിന് മുട്ടേൽ പാലമെന്ന് വിളിപ്പേരും ലഭിച്ചത്.