കെ.ഷിന്റുലാല്‍
കോഴിക്കോട് : മുട്ടില്‍ മരംമുറി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സാധ്യതയേറുന്നു. കോടികളുടെ ഇടപാടുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്.
അതിനാല്‍ കള്ളപ്പണ വിനിമയത്തിനുള്ള സാധ്യതയും ഏറെയാണ്. വയനാടിന് പുറമേ സംസ്ഥാനത്ത് മറ്റു ജില്ലകളിലും മരംമുറി നടന്നുവെന്നാണ് പ്രാഥമിക വിവരം.
മുറിച്ചുകടത്തിയ ഈട്ടി, തേക്ക് എന്നിവയുടെ മൂല്യം ശതകോടിയ്ക്ക് പുറമേയാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറും ഇഡിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇഡി വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറും മഹസറും പരാതിയുടെ പകര്‍പ്പുമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ഈ വിവരങ്ങള്‍ തേടിയത്. കോഴിക്കോട് സബ്സോണല്‍ ഉദ്യോഗസ്ഥരാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
സർക്കാരിനെതിരേ ആയുധം
അതേസമയം കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തില്‍ മുങ്ങികിടക്കുന്ന സര്‍ക്കാറിനെതിരേ പ്രയോഗിക്കാന്‍ വീണ് കിട്ടിയ ആയുധമായാണ് മരംമുറി വിവാദത്തെ ബിജെപി കാണുന്നത്.
സര്‍ക്കാറിനെതിരേ പ്രതിഷേധമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി വരും ദിവസങ്ങളില്‍ രംഗത്തിറങ്ങാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
സര്‍ക്കാറിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.
കേന്ദ്രമന്ത്രി വി.മുരളീധരനും വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വനം മന്ത്രാലയം തേടിയിട്ടുണ്ട്. ഇന്ന് മരംമുറി നടന്ന പ്രദേശം കേന്ദ്രമന്ത്രി വി.മുരളീധരന് സന്ദര്‍ശിച്ചു.
സുരേന്ദ്രന്റെ ഇടപെടൽ
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്ണക്കടത്തുള്പ്പെടെ സംസ്ഥാന സര്‍ക്കാറിനെതിരേയുള്ള കേസുകളുടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കെ.സുരേന്ദ്രന് ദേശീയ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു.
എന്‍ഐഎ, കസ്റ്റംസ്, ഇടഡി എന്നീ ഏജന്‍സികളാണ് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ദഗതിയിലായ അന്വേഷണം ഊര്‍ജിതമാക്കാന്‍ സമ്മര്‍ദം ചെലുത്തിയതിന് പിന്നാലെയാണ് മരംമുറി കേസില്‍ കൂടി കേന്ദ്രഏജന്‍സിയെ ഉപയോഗപ്പെടുത്താന്‍ ബിജെപി അണിയറയില്‍ നീക്കം നടത്തുന്നത്.
നിലവില്‍ ആരോപണ വിധേയരായ വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുള്പ്പെടുമെന്നാണ് വിവരം.