കൊച്ചി: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് റവന്യു വകുപ്പിന്റെയോ മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയോ അനുമതിയില്ലാതെ എട്ടുകോടി വിലമതിക്കുന്ന 104 ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയെന്നും പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ത്ത് വയനാടിനെ പ്രകൃതിദുരന്തത്തിലേക്ക് തള്ളിവിടുന്ന പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും ചൂണ്ടി ക്കാട്ടി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി മാസങ്ങളില്‍ 204.635 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് മുറിച്ചുകടത്തിയത്. വാഴവറ്റ സ്വദേശികളും സഹോദരന്മാരുമായ റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരുള്‍പ്പെടെ 68 പ്രതികളാണ് ആദ്യം കേസിലുണ്ടായിരുന്നത്.
റോജിയടക്കമുള്ള പ്രതികള്‍ മുട്ടില്‍ വില്ലേജിലെ വാഴവറ്റ, കുപ്പാടി, മേലേ കവല തുടങ്ങിയ മേഖലകളിലെ ഭൂവുടമകളെ സമീപിച്ച് ഈട്ടിത്തടി വെട്ടാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് റിപ്പോർട്ടിൽ. പറ്റിച്ചതാണെന്നു കണ്ടെത്തിയതോടെ ഭൂവുടമകളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 12 പ്രതികളാണുള്ളത്. റോജി, ജോസുകുട്ടി, ആന്റോ എന്നിവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതടക്കമുള്ള കേസുകളില്‍ പ്രതികളാണ്.
ഇവര്‍ മീനങ്ങാടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളവരാണ്. മുട്ടില്‍ മരംമുറിക്കേസില്‍ 409 സാക്ഷികളെ ചോദ്യംചെയ്തു. അന്വേഷണം അന്തിമഘട്ടത്തിലാണ്.
മുറിച്ചിട്ട മരങ്ങള്‍ കൊണ്ടുപോകാന്‍ വനംവകുപ്പിന്റെ അനുമതിക്ക് വില്ലേജ് ഓഫീസറുടെ സത്യവാങ്മൂലം വേണം. ഇതിനായി ഭൂവുടമകളുടെ പേരില്‍ ഒന്നാം പ്രതി റോജി അഗസ്റ്റിന് വ്യാജ അപേക്ഷയുണ്ടാക്കി വില്ലേജ് ഓഫീസര്‍ക്കു നല്കി.
ഇതു സ്വീകരിച്ചാണ് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അപേക്ഷയിലെ കൈയക്ഷരം റോജി അഗസ്റ്റിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പട്ടയഭൂമിയിലെ മരങ്ങളെക്കുറിച്ചും രാജകീയ വൃക്ഷങ്ങളെക്കുറിച്ചും അറിവുള്ള വില്ലേജ് ഓഫീസറും സ്പെഷല്‍ വില്ലേജ് ഓഫീസറും മരംമുറിക്കുന്ന സമയത്ത് സ്ഥലത്തെത്തുകയും തടി അളക്കുകയും ചെയ്തു. ഇതു കാരണം നടപടികള്‍ നിയമപരമാണെന്ന് ഭൂവുടമകള്‍ വിശ്വസിച്ചു.
രാജകീയ വൃക്ഷങ്ങളില്‍ ഉള്‍പ്പെടുന്ന ഈട്ടിയുടെ വില സര്‍ക്കാരിലേക്ക് മുന്‍കൂര്‍ അടച്ചാല്‍ ഇതു വെട്ടാനാകുമെന്നും ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നുമുള്ള വാദങ്ങള്‍ തെറ്റാണ്.
വില്ലേജ് ഓഫീസറുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്ന പ്രതികളുടെ വാദത്തില്‍ കഴമ്പില്ല. വില്ലേജ് ഓഫീസറും പ്രതിയാണ് – അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.