കൽപ്പറ്റ: ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ എട്ടുകോടിയോളം രൂപ പിഴ ഈടാക്കാനുള്ള നടപടികളുമായി സർക്കാർ. സർക്കാരിൽ നിക്ഷിപ്തമായ വീട്ടി മരങ്ങൾ മുറിച്ച വകയിലുണ്ടായ നഷ്ടം നികത്താനാണ് പിഴ ഈടാക്കുന്നത്. കേരള ലാൻഡ് കണ്‍സർവൻസി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
35 കേസുകളിലായാണ് എട്ടുകോടിയോളം രൂപ പിഴ ചുമത്തിയിരിക്കുന്നത്. മുഖ്യ പ്രതികളിലൊരാളായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം.
മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടിവരെയാണ് പിഴ കണക്കാക്കിയിരിക്കുന്നത്. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദേശം. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നു മുന്നറിയിപ്പുമുണ്ട്.
നിരവധി കർഷകരുടെ ഭൂമിയിൽനിന്നു മുഖ്യ പ്രതികൾ ഇടപെട്ട് വീട്ടിമരം മുറിച്ചിരുന്നു. ഈ കർഷകർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
തങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിസാര വിലയ്ക്കാണ് മുഖ്യപ്രതികൾ മരം മുറിച്ചതെന്ന് പല കർഷകരും ആരോപിച്ചിരുന്നു. കേസിൽ കുടുങ്ങിയതിനു പിന്നാലെ ലക്ഷങ്ങൾ പിഴ അടയ്ക്കണമെന്ന് നോട്ടീസ് ലഭിക്കുക കൂടി ചെയ്തതോടെ കർഷകരാകെ ആശങ്കയിലാണ്.
മരങ്ങളുടെ വില നിർണയ സർട്ടിഫിക്കറ്റ് വനംവകുപ്പ് ലഭ്യമാക്കിയ കേസുകളിലാണ് കേരള ലാൻഡ് കണ്‍സർവൻസി നിയമപ്രകാരം റവന്യൂ അധികൃതർ നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുന്നത്.
പട്ടയ ഭൂമിയിൽനിന്നു നിയമവിരുദ്ധമായി മുറിച്ച മരങ്ങളുടെ വിലയും ഇതിന്റെ മൂന്നിരട്ടിവരെ പിഴയും അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. മുട്ടിൽ സൗത്ത് വില്ലേജിലെ കരിങ്കണ്ണിക്കുന്ന്, വാഴവറ്റ പ്രദേശങ്ങളിലുള്ള 30 ഓളം കർഷകർക്ക് നിലവിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
നോട്ടീസ് പ്രകാരമുള്ള മരവിലയും പിഴയും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകരെല്ലാംതന്നെ. അത്യാവശ്യങ്ങൾ മുൻനിർത്തിയാണ് പലരും മരങ്ങൾ വിറ്റത്.
ഇവരിൽ ചിലർക്ക് അഡ്വാൻസ് മാത്രമാണ് ലഭിച്ചത്. നോട്ടീസ് പ്രകാരമുള്ള തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് കർഷകർ.
മരംമുറിയ്ക്കാനിടയാക്കിയ സാഹചര്യം അധികൃതർക്ക് വ്യക്തമായി അറിയാമെന്നിരിക്കെ നിരപരാധികളായ കർഷകരെ റവന്യൂ അധികൃതർ ദ്രോഹിക്കുകയാണെന്ന ആരോപണവുമായി കർഷക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
റവന്യൂ പട്ടയഭൂമിയിലെ വീട്ടി മരങ്ങൾ മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്ന് മരം വ്യാപാരികളിൽ ചിലരാണ് കർഷകരെ തെറ്റിദ്ധരിപ്പിച്ചത്.
വൈത്തിരി താലൂക്കിൽ 61 ഉം സുൽത്താൻ ബത്തേരി താലൂക്കിൽ 14 ഉം അനധികൃത മരംമുറി കേസുകളാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. രണ്ട് താലൂക്കുകളിലുമായി മുറിച്ചതിൽ 186 മരങ്ങൾ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം വകുപ്പ് ഡിപ്പോയിലേക്ക് മാറ്റിയിരുന്നു.