ചാത്തന്നൂർ: ഭക്തിയുടെ നിറവിൽ കൊടിമൂട്ടി ലമ്മയ്ക്ക് ആയിരക്കണക്കിന് ഭക്ത കളുടെ പൊങ്കാല സമർപ്പണം. ക്ഷേത്രോത്സവത്തിന് പൊങ്കാല സമർപ്പണത്തോടെ തുടക്കമായി. വൃതശുദ്ധിയോടെ പുലർച്ചേ തന്നെ ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിലെത്തി കൊണ്ടിരുന്നു.
ക്ഷേത്ര കാമ്പൗണ്ടിലും തൊട്ടടുത്ത ഇടറോഡുകളിലും പാരിപ്പള്ളി -മടത്തറ റോഡിൽ കളമടവരെയും ദേശീയ പാതയിലും പൊങ്കാല അടുപ്പുകൾ നിരന്നു.
രാവിലെ പത്തോടെ പൊങ്കാല നേർച്ച ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലിന് മുന്നിലൊതുക്കിയ പണ്ടാര അടുപ്പിൽ ശ്രീകോവിലിൽ നിന്നും കൊളുത്തിയ തിരി ക്ഷേത്രം മേൽശാന്തി അമ്പലപ്പുഴ പാഴൂർ മഠത്തിൽ കേശവൻ നമ്പൂതിരി പകർന്നു അതോടെ പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു .
പൊങ്കാല അടുപ്പുകൾ ജ്വലിച്ചപ്പോൾ ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു ഇതോടെ വായ്ക്കുരവകളും ദേവീസ്തുതികളും കൊണ്ട് ക്ഷേത്ര പരിസരമാകെ ഭക്തി സാന്ദ്രമായി. പൊങ്കാല സമർപ്പിക്കാനെത്തിയ ഭക്തജനങ്ങൾക്ക് അടുപ്പ് ,വെള്ളം തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ക്ഷേത്ര ഭരണ സമിതിയും ഉത്സവ കമ്മിറ്റിയും ഒരുക്കിയിരുന്നു.
സുരക്ഷയ്ക്കായി പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.പൊങ്കാല സമർപ്പണത്തിന്റെ ഭക്തിയിൽ കുംഭത്തിലെ പൊള്ളുന്ന ചൂട് ഭക്തജനങ്ങളെ ബാധിച്ചതേയില്ല. വേനലിനെയും മറികടന്ന ഭക്തിയിലായിരുന്നു കൊടിമുട്ടിലമ്മയുടെ വിശ്വാസികൾ..
ഇത്തവണത്തെ ഉത്സവവും പൊങ്കാല സമർപ്പണവും തികച്ചും ഹരിത നിയമ പ്രകാരമായിരുന്നു.പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ ക്ഷേത്ര ഭരണ സമിതി നേരത്തെ തന്നെ നിർദ്ദേശം നല്കിയിരുന്നു.