മൂവാറ്റുപുഴ: പട്ടണത്തിലെ ഗതാഗതകുരുക്കിനു പരിഹാരം കാണാൻ ആവിഷ്കരിച്ച കടാതി-മുറിക്കല്ല് -130 ബൈപാസ് റോഡിന്റെ നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുറിക്കല്ല് പാലത്തിൽ മുട്ടിൽ ഇഴയൽ സമരം സംഘടിപ്പിച്ചു.
രണ്ടര വർഷം മുന്പു യുഡിഎഫ് ഭരണകാലഘട്ടത്തിൽ 29 കോടി രൂപാ ചെലവിൽ മൂവാറ്റുപുഴയാറിനു കുറുകെ കടാതിയെയും മുറിക്കല്ല് കടവിനെയും ബന്ധിപ്പിച്ചുള്ള പാലത്തിന്റെ നിർമാണവും, കടാതി ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണവും പൂർത്തിയാക്കിയെങ്കിലും പിന്നീട്ടിവിടെ നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
മാറാടി ഭാഗത്തെ റോഡിനുള്ള സ്ഥലം ഏറ്റെടുക്കലും പിന്നീടുണ്ടായില്ല. ഇതിനിടെ പദ്ധതിക്കു നേരത്തെ അനുവദിച്ചിരുന്ന പത്തു കോടി രൂപാ നഷ്ടമാകുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ ശക്തമായ എതിർപ്പിനെത്തുടർന്നു പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പദ്ധതി കിഫ്ബിക്ക് സമർപ്പിക്കുക പോലും ചെയ്തിട്ടില്ല.
കൊച്ചി-ധനുഷ്കോടി പാതയിൽ കടാതിയിൽനിന്ന് ആരംഭിച്ച് എംസി റോഡിലെ 130 കവലയിൽ എത്തിച്ചേരുന്ന റോഡ് പൂർത്തിയായാൽ കോട്ടയം, തൊടുപുഴ ഭാഗങ്ങളിൽനിന്ന് എറണാകുളത്തേക്കും എറന്നാകുളം ഭാഗത്ത്നിന്ന് വരുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേക്കും പോകാൻ കഴിയും.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മുട്ടിഴിയൽ സമരം ഡിസിസി ജനറൽ സെക്രട്ടറി പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോണ്ഗ്രസ് പാർലമെന്റ് കമ്മറ്റി ഭാരവാഹികളായ മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം, നഗരസഭാ പ്രതിപക്ഷ നേതാവ് അബ്ദുൾ സലാം, കൗണ്സിലർമാരായ കെ.എസ്. ജയകൃഷ്ണൻ നായർ, ജിനു ആന്റണി, യൂത്ത് കോണ്ഗ്രസ് നേതാക്കളായ ഷാൻ മുഹമ്മദ്, എം.സി. വിനയൻ, റംഷാദ് റഫീക്ക്, സൽമാൻ ഓലിക്കൽ, ജിജോ പാപ്പാലി തുടങ്ങിയവർ പ്രസംഗിച്ചു.