വെള്ളിക്കുളങ്ങര: മഴക്കാലമായതോടെ മലയോരത്തു വീണ്ടും മൂട്ടിൽപഴങ്ങളുടെ സീസണായി. വനത്തിലും വനാതിർത്തി ഗ്രാമങ്ങളിലും മൂട്ടിൽ പഴങ്ങൾ കായ്ച്ചുനിൽക്കുന്നത് മനോഹരകാഴ്ചയാണ്.
“ബക്കേറിയ കോർട്ടലെൻസിസ്’ എന്ന് ശാസ്ത്രീയ നാമമുള്ള മൂട്ടിൽമരങ്ങൾ കിഴക്കൻ മലനിരകളിൽ ധാരാളമായി വളരുന്നവയാണ്.
മറ്റു ഫലവൃക്ഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ മരത്തിന്റെ ചുവട്ടിലാണ് കായ്കളുണ്ടാകുന്നത്. വേനലിലാണ് ഇവ പൂക്കാറുള്ളത്. ജൂണ്, ജൂലൈ മാസങ്ങളിൽ കായ്കൾ പഴുത്തു പാകമാകും.
ചെറുനാരങ്ങയുടെ വലിപ്പമാണ് കായ്കൾക്ക്. ചുവന്നുതുടുത്ത പഴങ്ങൾ കുലകളായി മരത്തിന്റെ തടിയോടു ചേർന്ന് പറ്റിപ്പിടിച്ചുനിൽക്കുന്നത് മനോഹരകാഴ്ചയാണ്. നേരിയ പുളിപ്പും മധുരവും കലർന്ന രുചിയാണ് ഇവയ്ക്കുള്ളത്.
പ്രമേഹരോഗത്തിന് മികച്ച ഒൗഷധമായി കണക്കാക്കുന്ന ഇവയുടെ തോടുകൾ അച്ചാർ ഉണ്ടാക്കാനും ഉത്തമമാണ്. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറയാനും ഈ പഴങ്ങൾ കഴിക്കുന്നതു നല്ലതാണെന്നാണു പഴമക്കാർ പറയുന്നത്.
ആദിവാസികൾ ഇവ കാട്ടിൽ നിന്ന് ശേഖരിച്ച് ഭക്ഷിക്കുകയും നാട്ടിലെത്തിച്ച് വില്പന നടത്തുകയും ചെയ്യാറുണ്ട്. പഴുത്ത് പാകമായ മൂട്ടിൽ പഴങ്ങൾ കുരങ്ങുകളുടെ ഇഷ്ടവിഭവമായതിനാൽ ആദിവാസികൾക്ക് ഇവ വേണ്ടത്ര കിട്ടാറില്ല.
ചൊക്കന, കാരിക്കടവ് വനത്തിൽ പല ഭാഗങ്ങളിലും വർണക്കാഴ്ചയായി ഇപ്പോൾ മൂട്ടിൽപഴങ്ങൾ വിളഞ്ഞുനിൽക്കുന്നുണ്ട്. മലയോര ഗ്രാമങ്ങളിൽ പല വീടുകളിലും മുട്ടിൽ മരങ്ങളുടെ തൈക്കൾ വനത്തിൽനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും കാട്ടിൽ ഉണ്ടാകുന്നതുപോലെ സമൃദ്ധമായി കായ്ക്കാറില്ല.
മലയോരത്തെ പഴയ തലമുറയ്ക്കു മധുരമുള്ള ഓർമകളാണ് മൂട്ടിൽ പഴങ്ങൾ സമ്മാനിക്കുന്നത്.പഴയകാലത്ത് മഴക്കാലമായാൽ വനത്തിൽപോയി മൂട്ടിൽ പഴങ്ങൾ ശേഖരിച്ച് നാട്ടിൽ കൊണ്ടുവന്ന് വിറ്റ് ഉപജീവനം നടത്തുന്നവരുണ്ടായിരുന്നു.
വിലകൂടിയ പഴവർഗങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന ആ കാലത്ത് വിദ്യാലയ പരിസരങ്ങളിലുൾപ്പടെ ഇവ വില്പന നടത്തിയിരുന്നു. മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുന്തപ്പഴം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. വനനിയമങ്ങൾ കർക്കശമായതോടെ വനത്തിൽ പ്രവേശിച്ച് മൂട്ടിൽ പഴങ്ങൾ ശേഖരിക്കാൻ ഇപ്പോൾ നാട്ടുകാർക്കു കഴിയില്ല.