പി. സനില്‍കുമാര്‍
ആര്യങ്കാവ് : മനുഷ്യരുടെ സാന്നിധ്യം അധികമായി ഇല്ലാത്ത വന മേഖലയില്‍ കണ്ടുവരുന്ന ഒരിനം കായ് ഫലമാണ് മൂട്ടിക്കാ അഥവാ മൂട്ടിപ്പഴം. മൂട്ടിപ്പുളി, മൂട്ടില്ക്കായ്പ്പൻ, കുന്തപ്പഴം എന്നിങ്ങനെയും ഇതിനെ അറിയപ്പെടുന്നുണ്ട്.
വനത്തിനുള്ളില്‍ മൂട്ടി എന്ന മരത്തില്‍ കായ്ക്ക ുന്നതുകൊണ്ടും തറനിരപ്പില്‍ നിന്നും അല്പം മാത്രം ഉയരത്തിലും ചിലപ്പോള്‍ മരത്തിന്റെ മൂട് ഭാഗത്തും കിളര്‍ത്തു നില്‍ക്കുന്നതുകൊണ്ടുമാണ് ഇവയ്ക്കു മൂട്ടിപ്പഴം എന്ന പേര് വീണത്.
പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. അപൂർവമായി ശിഖരങ്ങളിലും കായ് ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ മൂട് ഭാഗത്താണ് ഫലങ്ങൾ കൂടുതലായി ഉണ്ടാകുന്നത്.
പശ്ചിമഘട്ടത്തിലെ തനത് തരത്തില്‍ ഉള്‍പ്പെടുന്ന അപൂര്‍വയിനം മരമാണ് മൂട്ടി. പണ്ട് കാലങ്ങളില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ഇവ കായിച്ചു വന്നിരുന്നതെങ്കിലും ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങളെ തുടര്‍ന്ന് ജൂണിലും ജൂലൈയിലും മൂട്ടിപ്പഴം കായ്ക്കാറുണ്ട്.
വനത്തില്‍ വന വിഭവം തേടി പോകുന്നവരാണ് മൂട്ടിക്കായ് കൂടുതലായി നാട്ടില്‍ എത്തിക്കുന്നത്. കായ്ക്കുന്ന വേളയില്‍ കറുപ്പു നിറമായിരിക്കും.
പിന്നീട് വയലറ്റ് കലർന്ന നീല നിറവും, വിളയും തോറും ചുവപ്പു നിറവുമാകുന്നു. പഴുക്കുമ്പോൾ കടും ചുവപ്പ് നിറത്തിലേക്ക് മാറും. ചില മരങ്ങളിലെ കായ്കൾ പഴുക്കുമ്പോൾ ഇളം റോസ് നിറമായിരിക്കും.
ഫലത്തിനു വലിയ നെല്ലിക്കയുടെ വലിപ്പമുണ്ടാകും. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് സാധാരണയായി കഴിക്കാറുള്ളത്.
അധികം വിളയാത്ത ഇവ അച്ചാര്‍ ഇടാനും ഉപയോഗിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവും ചേർന്നതാണ് രുചി. എന്നാല്‍ കാര്യമായ മണം ഇതിന് ഇല്ല. പ്രത്യേക തരം മധുരമാണ് മൂട്ടിപ്പഴത്തിന്.
കായുടെ തോടും ചെറിയ പുളിപ്പ് ഉണ്ടാകുമെങ്കിലും കഴിക്കാന്‍ സാധിക്കും. മലയണ്ണാൻ, കുരങ്ങ്, കരടി, അണ്ണാൻ. മുയൽ, കേഴാ തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം.
കൂടുതലായും കാട്ടരുവികള്‍ക്ക് അടുത്തായി മൂട്ടിമരം കാണുന്നത് എന്നതുകൊണ്ട് തന്നെ നിലത്തു വീഴുന്ന മൂട്ടിപ്പഴം ആമകളും ഭക്ഷിക്കാറുണ്ടന്ന് ചിലര്‍ പറയുന്നു.
മനുഷ്യ സാന്നിധ്യം ഉള്ള മേഖലയില്‍ സാധാരണയായി ഇവ കാണാറില്ല. എങ്കിലും അപൂര്‍വ ഇടങ്ങളിലെങ്കിലും ഇപ്പോള്‍ ഇവ ഉണ്ടാകാറുണ്ട്. നെഴ്സറികളില്‍ നിന്നും ഇപ്പോള്‍ മൂട്ടിമരത്തിന്റെ തൈകള്‍ ലഭിക്കും.
നട്ട് അഞ്ചാം വർഷം മുതൽ പൂക്കൾ ഉണ്ടാകുമെങ്കിലും പത്ത് വർഷം കഴിഞ്ഞു മാത്രമേ ഇവ കായ്ക്കാറുള്ളൂവെന്നും പറയുന്നു. അതുപോലെ തന്നെ മൂട്ടി ആൺ മരവും പെൺ മരവും ഉണ്ടെന്നും പെൺ മരങ്ങളിൽ മാത്രമേ ഫലം ഉണ്ടാകുകയുള്ളൂവെന്നും ഒരുകൂട്ടര്‍ പറയുന്നു.