കടുത്തുരുത്തി: വാഹനതിരക്കേറിയ ഏറ്റുമാനൂർ-വൈക്കം റോഡിൽ മുട്ടുചിറയിൽ വൈക്കം ഭാഗത്തേക്ക് ബസ് കാത്തിരിക്കുന്നവർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് ദുരിതമാകുന്നു. കടുത്ത വെയിലുള്ളപ്പോഴും മഴയത്തുമെല്ലാം വിദ്യാർഥികളും പ്രായമായവരും ഉൾപെടെയുള്ളവർ ബസ് കാത്ത് റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണ്.
ബസ് നിർത്തുന്നതിന് സമീപത്തെങ്ങും കടകളില്ലാത്തതിനാൽ റോഡ് തന്നെയാണ് യാത്രക്കാരുടെ ആശ്രയം. നിരവധി സ്കൂളുകൾ, എച്ച്ജിഎം ആശുപത്രി, ബാങ്കുകൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നതിനാൽ നൂറുകണക്കിന് കുട്ടികളടക്കമുള്ള യാത്രക്കാർ ദിനംപ്രതി വന്നു പോകുന്ന സ്ഥലമാണ് ഇവിടം.
ആശുപത്രിയിലെത്തുന്ന രോഗികളായിട്ടുള്ളവരും പലപ്പോഴും ബസ് കാത്ത് ഏറേ സമയം റോഡിൽ നിൽക്കേണ്ട സ്ഥിതിയാണ്. ഈ ഭാഗത്ത് റോഡരികിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിനാവിശ്യമായ സ്ഥലം പിഡബ്യൂഡിക്കുണ്ട്.
എന്നാൽ ചിലരുടെ ബാഹ്യ ഇടപെടലുകളാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കുന്നതിന് തടമാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതേസമയം കോട്ടയം ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്നവർക്കായി ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും ഇതു പലപ്പോഴും വെറുതെയിരുന്നു വർത്തമാനം പറയാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ്.
ഈ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നത് സമീപത്തെ കുരിശുപള്ളിയുടെ മുന്നിലാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭാഗത്ത് റോഡിന് വീതി കുറവായതാണ് വാഹനങ്ങൾ സ്റ്റോപ്പിന് മുന്നിലായി നിർത്താൻ കാരണം.