ബിജു ഇത്തിത്തറ
കടുത്തുരുത്തി: വിശുദ്ധ അൽഫോൻസാമ്മ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുട്ടുചിറ ഗവണ്മെന്റ് യുപി സ്കൂളിൽ ഇനി മുതൽ വൈദ്യൂതി പ്രതിസന്ധി ഉണ്ടാവില്ല. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യൂതി സൗരോർജ പാനൽ നൽകും. ജില്ലയിൽ സൗരോർജ പാനലിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ വിദ്യാലയമെന്ന ഖ്യാതിയാണ് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ ധന്യമായ മുട്ടുചിറ സ്കൂളിന് സ്വന്തമായത്.
സംസ്ഥാനത്തുതന്നെ ചുരുക്കം ചില സർക്കാർ സ്കൂളുകൾ മാത്രമാണ് പൂർണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. കടുത്തുരുത്തി മുരിക്കൻസ് ഗ്രൂപ്പാണ് സ്കൂളിന് സൗജന്യമായി സൗരോർജ പാനൽ സ്ഥാപിച്ചു നൽകിയത്. അൽഫോൻസാമ്മ സ്കൂളിൽ ചേർന്നിട്ട് 100 വർഷം തികയുന്നതിന്റെ ഓർമയ്ക്കായാണ് സോളാർ പാനൽ സ്കൂളിന് സംഭാവന ചെയ്തതെന്ന് മുരിക്കൻസ് ഗ്രൂപ്പ് ഉടമ ജോർജ് ജി.മുരിക്കൻ പറഞ്ഞു.
സ്ഥിരമായ വൈദ്യുതി മുടക്കം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായി മനസിലാക്കിയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും ഇദേഹം പറഞ്ഞു. സ്കൂളിലെ മൂന്ന് ക്ലാസ് മുറികളും ഓഫീസ് ഉൾപ്പെടെയുള്ള ആറു റൂമുകളിലെയും ഹാളിലെയും ഉൾപെടെ ഇരുപത് ഫാനുകളും 25 ലൈറ്റുകളും മൂന്ന് കംപ്യൂട്ടറുകളുമെല്ലാം സൗരോർജത്തിലാവും പ്രവർത്തിക്കുക.
അര എച്ച്പി ശക്തിയുള്ള മോട്ടോറും സോളാറിൽ തന്നെ പ്രവർത്തിക്കും. പ്രതിദിനം 4.5 യൂണിറ്റ് വൈദ്യുതിയാണ് പാനൽ ഉദ്പാദിപ്പിക്കുന്നത്. വൈദ്യുതി ഇല്ലാത്ത സമയത്ത് മാത്രം സോളാർ പ്രവർത്തിപ്പിക്കുകയും വൈദ്യൂതി ലഭ്യമായ സമയങ്ങളിൽ വൈദ്യുതി ഉപയോഗപ്പെടുത്തുകയുമാണ് സാധാരണ നടക്കുന്നത്. എന്നാൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള സോളാർ പാനൽ വൈദ്യുതിബന്ധം ലഭിക്കുന്ന സമയത്തും സോളാർ പവർ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ളതാണ്.
സ്റ്റോറേജ് ബാറ്ററിയോടു കൂടിയ 1.5 കെവിഎ ഇൻവർട്ടറാണ് മുരിക്കൻസ് ഗ്രൂപ്പ് 90,000 രൂപ മുടക്കി സ്ഥാപിച്ചത്. രാവിലെ 9.30 മുതൽ വൈകൂന്നേരം 4.30 വരെയുള്ള സമയത്ത് മാത്രം സ്കൂൾ പ്രവർത്തിക്കുന്നതിനാലാണ് കുറഞ്ഞ ചെലവിൽ പാനൽ സ്ഥാപിക്കാനായത്. ആവശ്യമനുസരിച്ച് കൂടുതൽ പാനൽ സ്ഥാപിച്ച് ഉപയോഗം വർധിപ്പിക്കാനാവുന്ന വിധത്തിൽ ദീർഘകാല വാറന്റിയോടു കൂടിയാണ് സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നത്.
ഇന്റർ നാഷണൽ നിലവാരത്തിലേക്ക് ഉയരാനുള്ള തയാറെടുപ്പിലാണ് സ്കൂൾ. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി 48 കുട്ടികളും നാല് അധ്യാപകരുമാണ് ഇവിടെയുള്ളത്. സൗരോർജ പാനലിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്തംഗങ്ങളായ മാത്യു ജി.മുരിക്കൻ, കെ.പി. ഭാസ്കരൻ, കുറവിലങ്ങാട് എഇഒ ഇ.എസ്. ശ്രീലത, ഹെഡ്മാസ്റ്റർ കെ.പ്രകാശൻ, ഇ.വി. ജോഷി, ജോർജ് മുരിക്കൻ, പിടിഎ പ്രസിഡന്റ് കുര്യാച്ചൻ ജോസ് എന്നിവർ പ്രസംഗിച്ചു.