മാഹി: ഇന്ത്യയിലും കേരളത്തിലും കാണാൻ കഴിയുന്നത് രണ്ട് ഏകാധിപതികളുടെ ഭരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരേയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന സഹനസമര പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറുമ്പോൾ നരേന്ദ്ര മോദി ഇതൊന്നും കാണുന്നില്ല. എന്നാൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ഗുരുതരമായ സാമ്പത്തിക തകർച്ച നേരിടുകയാണ്. ജനങ്ങളുടെ കൈയിൽ പണമില്ലാത്ത അവസ്ഥ കൂടി വരികയാണ്.
അന്തർദേശീയ രംഗത്ത് ഇന്ത്യയുടെ വില കുത്തനെ താഴ്ന്നിരിക്കുകയാണ്. ഇതിൽ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുത്ത് ലാഖ്, പൗരത്വ നിയമ ഭേദഗതി നിയമം എന്നിവ കൊണ്ട് നേരിടുന്നത്.
കേരളത്തിലെ ഗവർണറുടെ മുൻപിൽ മുട്ട് മടക്കി നിൽക്കുന്ന മുഖ്യമന്ത്രിയെയല്ല നമുക്ക് വേണ്ടത് .
കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെ എല്ലാ മേഖലകളിലും തിരുകി കയറ്റുകയാണെന്നും കേരളത്തിൽ നിയമന നിരോധനം നിലനിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പദയാത്രയുടെ ആരംഭം കുറിച്ച് ചെന്നിത്തല ജാഥാ ക്യാപ്റ്റൻ സതീശൻ പാച്ചേനിക്ക് വേദിയിൽ വെച്ച് കൈമാറി.