മൂവാറ്റുപുഴ: നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ അപകടങ്ങൾക്കു കാരണമാകുന്നു. കച്ചേരിത്താഴം, ചെറിയപാലം, ആശ്രമം, സ്വകാര്യ ബസ്റ്റാന്റ് ജംഗ്ഷൻ, ഹോസ്റ്റൽപടി എന്നിവിടങ്ങളിലാണ് റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.
ഇതുമൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കുഴികൾ രൂപപ്പെട്ടിരിക്കുന്നതു മൂലം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്.
കഴിഞ്ഞദിവസം കച്ചേരിത്താഴത്തെ ചെറിയപാലത്തിലെ കുഴിയിൽ വീണ് നിന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് മുടവൂർ സ്വദേശി മരിച്ചിരുന്നു. വഴിവിളക്ക് ഇല്ലാത്തതിനാൽ കുഴിശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. പാലത്തിനോടു ചേർന്ന് വൻ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇതു പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ആശ്രമം ബസ് സ്റ്റാന്റിന്റെ മുന്നിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ മൂലം ബസ് തിരിഞ്ഞു കയറുന്നതിന്റെ മെല്ലെപ്പോക്ക് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
ഹോസ്റ്റൽ ജംഗ്ഷനിലും വൻഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. വിദ്യാർഥികളടക്കം നിരവധിയാളുകൾ ബസ് കാത്തുനിൽക്കുന്ന സ്റ്റോപ്പിനടുത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. തൊടുപുഴ ഭാഗത്തു നിന്നും വേഗത്തിൽവരുന്ന വാഹനങ്ങൾ അടുത്തെത്തുന്പോഴാണ് കുഴികൾ ശ്രദ്ധയിപ്പെടുന്നത്.
ഇതേതുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതോടെ പിന്നാലെ എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും നിത്യ സംഭവമാണ്. നഗരത്തിലെ കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.