മൂവാറ്റുപുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷൻ റോഡ് നവീകരണത്തിന് കളമൊരുങ്ങുന്നു. കെഎസ്ടിപി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർടിസിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങൾ എൽദോ ഏബ്രഹാം എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നീങ്ങിയതോടെയാണ് റോഡ് നവീകരണത്തിന് നടപടിയാകുന്നത്.
കെഎസ്ആർടിസിയുടെ സ്ഥലവും വർക്ക്ഷോപ്പ് കെട്ടിടവും ഏറ്റെടുക്കുന്നതിനായി കെഎസ്ടിപിയിൽനിന്നു 1.80 ലക്ഷമാണ് അനുവദിച്ചിരുന്നത്. തുക കെഎസ്ആർടിസിയ്ക്ക് കൈമാറുകയും ചെയ്തു. നിർമാണ പ്രവർത്തനങ്ങൾക്ക് 51 ലക്ഷമാണ് കെഎസ്ടിപിയിൽനിന്ന് അനുവദിച്ചിരിക്കുന്നത്.
റോഡ് നിർമാണവുമായി ബന്ധപ്പട്ടുള്ള എസ്റ്റിമേറ്റ് തയാറാക്കുകയും നിർമാണ പ്രവർത്തി ടെൻഡർ ചെയ്യുകയും വർക്ക് എഗ്രിമെന്റ് വയ്ക്കുകയും ചെയ്തതോടെയാണ് കെഎസ്ടിപിയുടെ നേത്രത്തിൽ നിർമാണം പുനരാരംഭിക്കുന്നത്.
മൂവാറ്റുപുഴ-ചെങ്ങന്നൂർ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷൻ നിർമാണവും ഇതോടൊപ്പം പൂർത്തിയാകേണ്ടതായിരുന്നു.
എന്നാൽ കെഎസ്ആർടിയുടെ സ്ഥലം ഏറ്റെടുക്കലും വർക്ക്ഷോപ്പ് കെട്ടിടം പൊളിച്ച് മാറ്റലുമായി ബന്ധപ്പെടുണ്ടായ സാങ്കേതിക തടസങ്ങളുമാണ് നിർമാണം വൈകാൻ പ്രധാന കാരണം.
നിലവിൽ കെഎസ്ആർടിയുടെ വർക്ക്ഷോപ്പ് കെട്ടിടം പൊളിച്ച് മാറ്റി സ്ഥലമേറ്റെടുത്ത് ഓടയടക്കം റോഡ് നിർമാണം പൂർത്തിയാക്കുന്ന പ്രവർത്തികളുടെ ടെൻഡർ നടപടികളാണ് ഇപ്പോൾ പൂർത്തിയായത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.