മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ടൗണിൽ വ്യാപക മോഷണം. കടകളുടെ പൂട്ടുകൾ തകർത്ത് പണവും സാധനങ്ങളും കവർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. മുഴപ്പിലങ്ങാട് ടൗണിലെ രാഷ്ട്രദീപിക ഏജന്റ് വിജയന്റെ 4ജി മൊബൈൽ ഷോപ്പിൽനിന്നു പണവും ഫോണുകളും കവർന്നു.
ടി. ഭാസ്കരന്റെ ടൈൽസ് ഷോപ്പ്, ശശിയുടെ സ്റ്റേഷനറി കട, പ്രദീപന്റെ ഫ്രൂട്ട്സ് സ്റ്റാൾ, ടെലഫോൺ എക്സ്ചേഞ്ചിനു സമീപമുള്ള ജയചന്ദ്രന്റെ പെയിന്റ് കട എന്നിവടങ്ങളിൽ കവർച്ച നടന്നു. യൂത്ത് ബസ് സ്റ്റോപ്പിനു സമീപത്തുള്ള നാലുകടകളിലും കവർച്ച നടന്നു.
അഭിലാഷ് ബേക്കറിയുടെ ഷട്ടറും ഭാഗീകമായി തകർക്കപ്പെട്ട നിലയിലാണ്. ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കടകളുടെ മേശവലിപ്പിലുണ്ടായിരുന്ന പണവും കടയിലുണ്ടായിരുന്ന സാധനങ്ങളും കവർന്നു. രാവിലെ പത്രവിതരണത്തിനെത്തിയവരാണ് കടകൾ തുറന്നുകിടക്കുന്നത് കണ്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.