കൊച്ചി: പോക്സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസ് എടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച്.
പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് എറണാകുളം ക്രൈംബ്രാഞ്ച് സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. കലാപാഹ്വാനം എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഡിജിപിക്കു പരാതി നല്‍കിയത്. ഇതിലായിരുന്നു ക്രൈംബാഞ്ചിന്റെ പ്രാഥമിക അന്വേഷണം.
സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. എം.വി. ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്നായിരുന്നു ആവശ്യം.