തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം.
വൈകീട്ട് അഞ്ചിന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
പാറശാല, നെയ്യാറ്റിന്‍കര, കോവളം, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനിയിൽ ജനകീയ പ്രതിരോധ യാത്ര അവസാനിക്കുക.
ഫെബ്രുവരി 20ന് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്.
ഇതുവരെ 15 ലക്ഷം പേരുടെ പങ്കാളിത്തം ജാഥയിലുണ്ടായെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. പി.കെ ബിജു, എം. സ്വരാജ്, സി.എസ് സുജാത, കെ.ടി ജലീൽ, ജെയ്ക്ക് സി. തോമസ് എന്നിവരായിരുന്നു മറ്റു ജാഥാംഗങ്ങൾ.
സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലും യാത്രയുടെ ലക്ഷ്യമായിരുന്നു.
തില്ലേങ്കേരി പ്രശ്നവും ഉദ്ഘാടന ചടങ്ങിലും കണ്ണൂരിലെ സ്വീകരണങ്ങളിലും ഇ.പി.ജയരാജൻ പങ്കെടുക്കാതിരുന്നതും വിവാദങ്ങളായി.
സ്വപ്നാ സുരേഷിന്റെ ആരോപണങ്ങൾ, ബ്രഹ്മപുരം തീപിടിത്തം എന്നിവ പ്രതിരോധ യാത്രയെ പ്രതിരോധത്തിലാക്കി. ഇതിനിടെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരേ എം.വി.ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.