തിരുവനന്തപുരം: പി.വി അൻവറിനെതിരേ വിമർശനവുമായി വീണ്ടും സിപിഎം. പി.വി. അൻവർ സാമാന്യമര്യാദ പാലിക്കാതെയാണ് പരസ്യ പ്രസ്താവനകൾ നടത്തിയതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണദിനമായ ഇന്ന് കോടിയേരിയെ അനുസ്മരിച്ച് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗത്താണ് എം.വി.ഗോവിന്ദൻ പി.വി.അൻവറിനെതിരെ വിമർശനമുന്നയിക്കുന്നത്.
പി.വി.അൻവർ പാർട്ടിക്കും സർക്കാരിനുമെതിരായി അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യ മര്യാദ പാലിക്കാതെ പരസ്യമായി പ്രസ്താവന നടത്തുകയും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയാണ് അൻവർ ചെയ്യുന്നത്.
സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യമാണെന്ന് വ്യക്തമാണെന്നും എം.വി.ഗോവിന്ദൻ ലേഖനത്തിൽ ആരോപിക്കുന്നു. ഇതിലൂടെയൊന്നും പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും എം.വി. ഗോവിന്ദൻ പറയുന്നു.