തളിപ്പറമ്പ്: ലോകപുസ്തക ദിനമായ ഇന്നലെ തന്റെ സുഹൃത്തും എഴുത്തുകാരനുമായ സുബ്രഹ്മണ്യന് കുറ്റിക്കോലിനെ കാണാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദന് എത്തി. ഹൈദരാബാദില്‍ നിന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സുഹൃത്തും എഴുത്തുകാരനുമായ സുബ്രഹ്മണ്യന് കുറ്റിക്കോല്‍ ലോക പുസ്തക ദിനത്തില്‍ പുതിയ നോവല്‍ പൂര്‍ത്തിയാക്കിയ വിവരം എം.വി ഗോവിന്ദന് അറിയുന്നത്.
അന്തരിച്ച പ്രഫ. ടി.എം രാജഗോപാലിന്റെ വീട് സന്ദര്‍ശിച്ചശേഷം സുഹൃത്തിന്റെ കുറ്റിക്കോലിലെ വീട്ടിലെത്തുകയായിരുന്നു.
വീട്ടിലെത്തിയ എം.വി ഗോവിന്ദന് തന്റെ ഭീഷ്മരും ശിഖണ്ഡിയും എന്ന നോവലിന്റെ കോപ്പി സുബ്രഹ്മണ്യന് നല്കി. ഹൃദ്രോഗം കാരണം പത്തുവര്‍ഷത്തോളമായി പൂര്‍ണ്ണമായും ശയ്യാവലംബിയായ സുബ്രഹ്മണ്യന് കുറ്റിക്കോല്‍ കിടന്നുകൊണ്ട് മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലുമായാണ് രചന നിര്‍വഹിക്കുന്നത്.
മഹാഭാരതം ഇതിവൃത്തമാക്കിയുളള സുബ്രഹ്മണ്യന് കുറ്റിക്കോലിന്റെ നാലാമത്തെ നോവലാണ് ഖാണ്ഡവം. ഇവയുള്‍പ്പെടെ എട്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.