തിരുവനന്തപുരം: യാഥാർഥ്യം മനസിലാക്കാതെ മാധ്യമങ്ങൾ വാർത്തകൾ നൽകിയാൽ അതേ രീതിയിൽ പാർട്ടിക്കു നേരിടേണ്ടി വരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണു മാധ്യമങ്ങളെ രൂക്ഷമായി ഗോവിന്ദൻ വിമർശിച്ചത്. ആരോപണങ്ങളാണെങ്കിൽ അതിനെ നിയമപരമായി നേരിടാം.
അതേസമയം നുണയാണു പ്രചരിപ്പിക്കുന്നതെങ്കിൽ അതിനെ നിയമപരമായല്ല മറ്റു രീതിയിലാണു നേരിടേണ്ടിവരിക. കള്ളപ്രചാരവേല നടത്തി മുന്നോട്ടുപോയാൽ അതിനെ ഇനി നേരിടേണ്ടിവരും.
എന്നാൽ ഏറ്റവും തരംതാണ രീതിയിലാണു മാധ്യമങ്ങൾ മുന്നോട്ടുപോകുന്നത്. എന്തു തോന്ന്യാസവും പറയാം എന്ന രീതിയിൽ മുന്നോട്ടുപോകുന്നതു യഥാർഥ പത്രധർമ്മമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ പ്രതിപക്ഷം നടത്തുന്ന കള്ളപ്രചാരണങ്ങൾക്കു മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നുവെന്നു പറഞ്ഞാണു സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കെതിരേ വിമർശനം നടത്തിയത്.