കോഴിക്കോട്: നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തെ ജാതീയ തലത്തിൽനിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറ്റിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ. കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ നാരായണ ഗുരു ഉൾപ്പെടെയുള്ള നാവോത്ഥാന നായകന്മാരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇന്നത്തെ കേരളത്തിന്റെ സാംസ്കാരിക ഉന്നതിയെന്ന് അദ്ദേഹം പറഞ്ഞു. ജാതിയില്ലാ വിളംബര ജാഥയുടെ ഫലമായാണ് വൈക്കം,ഗുരുവായൂർ സത്യഗ്രഹങ്ങൾ കേരളത്തിലുണ്ടായത്. സ്വാമി വിവേകാനന്ദൻ കേരളത്തെ നോക്കി ഭ്രാന്താലയം എന്ന് വിളിച്ചതിനു ശേഷം രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ കവച്ചു വയ്ക്കുന്ന സാംസ്കാരിക മുന്നേറ്റത്തിന് മുഖ്യകാരണം ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളായിരുന്നു.
രാജ്യത്ത് ജാതീയ രാഷ്ട്രീയവും ജാതീയ വോട്ടുകളും കൊടുന്പിരി കൊള്ളുക്കയാണ്. ജാതീയതയുടെ രാഷ്ട്രീയത്തെ സംഘപരിവാറിന്റെ രാഷ്ട്രീയമാക്കി മാറ്റുന്ന സ്ഥിതിവിശേഷമാണുള്ളത്. ഉത്തർപ്രദേശിലെ ബിജെപിയുടെ മഹാവിജയത്തിന് കാരണം ജാതീയ സമവാക്യങ്ങളെ വിലയ്ക്കെടുത്തതാണന്ന് അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി. അജയകുമാർ അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞിമുഹമ്മദ്, ഡോ. അനിൽചേലന്പ്ര, എൻജിഒ യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി ടി.സി. മാത്തുക്കുട്ടി, പി. സത്യ എന്നിവർ പ്രസംഗിച്ചു.