കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിമർശനം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച എം.വി. ജയരാജൻ നേതാക്കൻമാരെ വിമർശിക്കാനുള്ള അധികാരം സിപിഎം എന്ന പാർട്ടിക്കുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്;
” കുഴിമന്തി ബിരിയാണി കഴിക്കുന്നതിനായി കമ്മിറ്റി വിളിച്ചുചേർക്കുന്നവർ ഉണ്ടാകാം. എന്നാൽ സിപിഎമ്മിൽ അങ്ങനെയല്ല സ്ഥിതിയെന്ന് എതിരാളികൾപ്പോലും സമ്മതിക്കും. കൃത്യമായി കമ്മിറ്റികൾ ചേരുകയും അതുവരെയുള്ള ദൈനംദിന പ്രവർത്തനങ്ങളും പൊതുവിഷയങ്ങളും വിലയിരുത്തുകയും ചെയ്യുന്നതാണ് സിപിഎം രീതി. വിമർശനവും സ്വയം വിമർശനവും ഉൾപ്പാർട്ടി ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന സിപിഎം എന്ന പാർട്ടിയുടെ പ്രത്യേകതയാണ്. അവിടെ ആരും വിമർശനത്തിനതീതരല്ല.
മാത്രമല്ല, സ്വയം വിമർശനം നടത്താത്ത കമ്യൂണിസ്റ്റുകാരൻ ഉണ്ടാവുകയുമില്ല. വിമർശനം നടത്തുന്നതാകട്ടെ ശത്രുതാ മനോഭവത്തോടെയും അല്ല. അതുകൊണ്ടുതന്നെയാണ് ജീവനുള്ള പാർട്ടിയാണ് സിപിഎം. സിപിഎം എന്താണെന്നറിയാത്തവരും പാർട്ടിയെക്കുറിച്ച് അല്പധാരണയുള്ളവരുമായ ചില മാധ്യമങ്ങൾ പലതും പടച്ചുവിടുന്നുണ്ട്. വസ്തുതയാണ് വാർത്തയാക്കേണ്ടത്.
എന്നാൽ ‘സത്യത്തോട് പക്ഷം ചേരുന്നു’ എന്ന് പരസ്യവാചകം നൽകിയ പത്രവും ‘യഥാർഥ മഞ്ഞപ്പത്രത്തിന്റെ ശക്തി’യാണ് തുറന്നുകാട്ടുന്നതെന്നത് പറയാതെ വയ്യ. കള്ളം പ്രചരിപ്പിക്കുകയും അത് സത്യമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൂടുതൽ കള്ളങ്ങൾ ‘ഫോളോഅപ്പ് സ്റ്റോറി’കളാക്കുകയും ചെയ്യുന്നവർ ഗീബൽസിയൻ തന്ത്രക്കാർ തന്നെയെന്ന് തീർച്ചയായും പറയേണ്ടിവരും. അത്തരത്തിലൊന്നാണ് പി.ജയരാജനെതിരെ നൽകിയ വാർത്ത.
കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ പാർട്ടി നടപടി സ്വീകരിച്ചു എന്നും സഖാവ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും വാർത്ത സൃഷ്ടിച്ചവർ, അത് വസ്തുതയല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റും ജയരാജനും വ്യക്തമാക്കിയ സാഹചര്യത്തിലെങ്കിലും തെറ്റായ വാർത്ത തിരുത്തണമായിരുന്നു. അതായിരുന്നു അന്തസ്സുറ്റ മാധ്യമ പ്രവർത്തനം. എന്നാൽ മലയാളത്തിലെ ഈ മാധ്യമങ്ങൾ സ്വീകരിച്ചത് അന്തസ്സറ്റ മാധ്യമപ്രവർത്തനമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.