കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലക്സ് ബോർഡുകൾക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ.
വ്യക്തികളല്ല, പാർട്ടിയാണു വലുത്. വ്യക്തിയെ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിലെ പരിപാടിക്കിടെയായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം.
“അന്നവും വസ്ത്രവും നൽകുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. അപ്പോൾ ദൈവം എന്നൊന്നുണ്ടെങ്കിൽ അത് സിപിഎമ്മാണ്. അന്നത്തിനും ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കും വേണ്ടി പൊരുതുന്നത് സിപിഎമ്മാണ്.
ശ്രീനാരായണ ഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്നാണ് അദ്ദേഹം പറഞ്ഞതെന്ന കാര്യം നമ്മൾ ഓർക്കണം. ഏത് നേതാവായാലും പാർട്ടിക്കു നല്കിയ സംഭാവന വിലപ്പെട്ടതാണ്. എങ്കിലും പാർട്ടിയാണ് വലുത്”- എം.വി. ജയരാജൻ പറഞ്ഞു.
സുരേഷ് ഗോപിയും ബിജെപിയും സംസ്ഥാന സർക്കാരിനെതിരേ സ്പോൺസർ ചെയ്തതാണ് ആശാ വർക്കർമാരുടെ സമരമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി എം.വി. ജയരാജൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരേയല്ല, കേന്ദ്രസർക്കാരിനെതിരേയാണ് ആശമാർ സമരം നടത്തേണ്ടത്. യോജിച്ചുള്ള സമരത്തിന് സിപിഎമ്മും ഉണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.